| Friday, 22nd May 2026, 8:41 pm

നീറ്റ്: ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, ചില ചോദ്യങ്ങള്‍ പുറത്തുവന്നതാണ്; എന്‍.ടി.എ മേധാവിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ നാഷണല്‍ ടെസ്റ്റ് ഏജന്‍സി ഉദ്യോഗസ്ഥരുടെ വിശദീകരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ചോദ്യ പേപ്പര്‍ ചോര്‍ന്നതല്ല, മറിച്ച് ചില ചോദ്യങ്ങള്‍ മാത്രം പുറത്തുവന്നതാണെന്ന വിശദീകരണത്തിനെതിരെയാണ് വിമര്‍ശനമുയരുന്നത്.

ഇത്തരത്തില്‍ ചോദ്യങ്ങള്‍ പുറത്തുവന്നതിനെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇത് ക്രമക്കേടുകളുടെ (malpractice) ഭാഗമാണെന്നുമായിരുന്നു എന്‍.ടി.എയുടെ വിശദീകരണം.

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

‘ഞാന്‍ പരീക്ഷയില്‍ തോറ്റതല്ല, കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവ് മാത്രം വാങ്ങിയതാണ്’, ‘ബാങ്ക് കൊള്ളയടിക്കപ്പെട്ടതല്ല, ലോക്കറിലെ പണം കാണാതായത് മാത്രമാണ്’, ‘എന്റെ സുഹൃത്ത് മരിച്ചതല്ല, അവന്റെ ഹൃദയം നിലച്ചത് മാത്രമാണ്,’ എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ പരിഹാസം.

കഴിഞ്ഞ ദിവസമാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍.ടി.എ പാര്‍ലമെന്റ് കമ്മീഷന് മുമ്പില്‍ ഹാജരായത്. തങ്ങളുടെ സിസ്റ്റത്തിന് യാതൊരു വീഴ്ചയില്ല എന്നാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് പറഞ്ഞത്.
നിലവില്‍ സി.ബി.ഐ ഈ കേസ് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിസ്റ്റത്തിലൂടെയല്ല ചോര്‍ച്ച ഉണ്ടായതെങ്കില്‍ പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നും, എന്തിനാണ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും എം.പിമാര്‍ ചോദിച്ചു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കാതെ, വിഷയം സി.ബി.ഐ അന്വേഷണത്തിലാണെന്ന മറുപടി മാത്രമാണ് അഭിഷേക് സിങ് നല്‍കിയത്.

മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയില്‍ 22.05 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഭാഗമായിരുന്നു.

പരീക്ഷ നടന്ന് നാല് ദിവസത്തിന് ശേഷം (മെയ് ഏഴ്) ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും മെയ് എട്ടിന് ഇത് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയതായും എന്‍.ടി.എ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാനും ജൂണ്‍ 21-ന് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചത്.

Content highlight: NEET question paper leak; NTA chief ridiculed on social media

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more