| Saturday, 16th May 2026, 9:40 am

നീറ്റ് ചോദ്യ ചോര്‍ച്ച; ആത്മഹത്യയല്ല ഭരണകൂടം നടത്തിയ കൊലപാതകം; നീറ്റ് ഉദ്യോഗാര്‍ത്ഥിയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി

നിഷാന. വി.വി

ന്യൂദല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

വിദ്യാര്‍ത്ഥിയുടെത് ആത്മഹത്യയല്ലെന്നും വ്യവസ്ഥയുടെ കൊലപാതകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയും എത്ര മരണങ്ങള്‍ ഉണ്ടായാലാണ് പ്രധാനമന്ത്രി ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ലഖിംപൂര്‍ ജില്ലയിലെ റിതിക് മിശ്രയെന്ന വിദ്യാര്‍ത്ഥിയാണ് തൂങ്ങിമരിച്ചത്. ചോദ്യ ചോര്‍ച്ചയെ തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ വിദ്യാര്‍ത്ഥി ദുഖിതനായിരുന്നുവെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.

‘ഇനി മത്സര പരീക്ഷകളൊന്നുമില്ല’. ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള 21 വയസ്സുള്ള റിതിക് മിശ്രയുടെ അവസാന വാക്കുകളാണിത്. മൂന്നാം തവണയും നീറ്റ് പരീക്ഷ എഴുതിയ ഈ കുട്ടി പരീക്ഷ റദ്ദാക്കിയ നിമിഷം പൊട്ടിക്കരഞ്ഞു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പരീക്ഷയുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ പോരാടുമെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി മോഷ്ടിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ എന്റെ യുവ സുഹൃത്തുക്കളെ, നിങ്ങളുടെ വേദനയും കഷ്ടപ്പാടുകളും എന്റേത് കൂടിയാണ്. നിങ്ങളുടെ ഭാവി മോഷ്ടിച്ചവര്‍ക്കെതിരെ നമ്മള്‍ ഒരുമിച്ച് പോരാടും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത്തരത്തില്‍ ഗോവയിലും ഒരു വിദ്യാര്‍ത്ഥി മരണപ്പെട്ടിട്ടുണ്ടെന്നും ഇനിയും എത്ര റിതിക്കുമാര്‍ മരിച്ചാലാണ് ഈ അഴിമതി അവസാനിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

2015 മുതല്‍ 2026 വരെ 148 പേപ്പര്‍ അഴിമതികള്‍ നടന്നു, 87 പരീക്ഷകള്‍ റദ്ദാക്കി, ഒമ്പത് കോടി കുട്ടികളുടെ ഭാവിയെ ബാധിച്ചുവെന്നും കണക്കുകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

148 കേസുകളില്‍ ഒന്നിന് മാത്രമാണ് ശിക്ഷ ലഭിച്ചതെന്നും 17 കേസുകള്‍ സി.ബി.ഐ എടുത്തു. ഇ.ഡി 11 കേസുകളെടുത്തു. എന്നിട്ടും ആരും ശിക്ഷിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും ലജ്ജാകരമായ കാര്യമെന്താല്‍ ഈ അഴിമതികളിലൊന്നും ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ പോലും രാജി വെച്ചില്ല. എന്നാല്‍ പിന്നീട് ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുന്നുമുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അഴിമതിയും മോഷണവും ആസൂത്രണം ചെയ്യുന്നവര്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നുവെന്നും എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

വിദ്യാര്‍ത്ഥിയുടെ മരണം ഹൃദയഭേദകമാണെന്ന് പറഞ്ഞ പ്രിയങ്ക വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.

പരീക്ഷകളിലെ വ്യാപകമായ അഴിമതി നമ്മുടെ യുവാക്കളുടെ ജീവന്‍ അപഹരിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കപ്പെടുന്നു. ഈ സംഭവങ്ങളുടെ ശൃംഖല എപ്പോഴാണ് അവസാനിക്കുക? എപ്പോഴാണ് പരിഹരിക്കപ്പെടുക,’ അവര്‍ ചോദിച്ചു.

ചോദ്യ ചോര്‍ച്ചയെ തുടര്‍ന്ന് മെയ് 3ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു.
മാതൃകാ ചോദ്യപേപ്പറിലെ 410 ല്‍ 135 ചോദ്യങ്ങളും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. കെമിസ്ട്രി, ബയോളജി വിഭാഗങ്ങളില്‍ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായി അന്വേഷണം നടത്തിയ രാജസ്ഥാന്‍ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എ.ഡി.ജി.പി വിശാല്‍ ബന്‍സാല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജസി പരീക്ഷ റദ്ദാക്കിയത്.

വാട്സ് ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ചോദ്യപേപ്പര്‍ പ്രചരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 180 ചോദ്യങ്ങളുള്ള പരീക്ഷയില്‍ 135 ചോദ്യങ്ങളും മാതൃക ചോദ്യപേപ്പറിലേതുതന്നെയായിരുന്നു.

എന്നാല്‍ ജൂണ്‍ 21 ന് പുനര്‍ പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെ്സ്റ്റിങ് ഏജന്‍സി ഇന്നലെ അറിയിച്ചു.

Content Highlight: NEET question paper leak; It was not suicide but a murder by the government; Rahul Gandhi on the death of NEET candidate

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more