| Tuesday, 1st September 2026, 1:05 pm

നീറ്റ് പ്രതിഷേധം: വിദ്യാർഥികൾക്കെതിരായ എഫ്‌.ഐ.ആറുകൾ റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം.

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറുകൾ റദ്ദാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് എഫ്‌.ഐ.ആറുകൾ റദ്ദാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. നടപടികൾ അവസാനിപ്പിച്ച് ബെഞ്ച് പിരിയാനിരിക്കെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ ഇടക്കാല അപേക്ഷ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കക്ഷികൾ തമ്മിൽ ധാരണയിലെത്തുകയാണെങ്കിൽ അതിൽ കോടതിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, ഹരജി വിശദമായ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

നേരത്തെ, പ്രതിഷേധങ്ങളിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ ഒഴിവാക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിദ്യാർഥികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ‘ക്രിമിനൽ പശ്ചാത്തലം’ എന്നത് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ മാത്രമാണ് സൂചിപ്പിക്കുന്നതെന്നും, മറ്റ് വിദ്യാർഥികൾക്കെതിരായ കേസുകൾ സംസ്ഥാന സർക്കാരുകൾക്ക് പിൻവലിക്കാമെന്നും ഓഗസ്റ്റ് മൂന്നിന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമങ്ങളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പരാതികളും അന്വേഷിക്കാൻ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതി നിലവിൽ അന്വേഷണം നടത്തുന്നുണ്ട്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് സെപ്റ്റംബർ അഞ്ചിന് ദൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ പുതിയ നീക്കം.

Content Highlight:NEET protests: Centre approaches Supreme Court seeking quashing of FIRs against students.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more