| Friday, 31st July 2026, 2:37 pm

നീറ്റ് പ്രതിഷേധം; കേസുകള്‍ പിന്‍വലിക്കും: ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദല്‍ഹിയിലെ നീറ്റ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഈ തീരുമാനം.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എത്ര കേസുകളുണ്ടെങ്കിലും അവയെല്ലാം പിന്‍വലിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.

ഓപ്പറേന്‍ തൂഫാന്റെ ഭാഗമായി ജയിലുകളില്‍ നടക്കുന്ന മിന്നല്‍ പരിശോധനയെ കുറിച്ചും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ജയിലുകളില്‍ ലഹരിവസ്തുക്കളുടെ, പ്രത്യേകിച്ച് കഞ്ചാവിന്റെ വ്യാപക ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ പരിശോധന നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ജയില്‍, പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് ഈ റെയ്ഡുകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പദ്ധതിയില്‍ മുന്‍പ് ഒപ്പുവെച്ചത് സി.പി.ഐ.എമ്മാണെന്നും സഖ്യകക്ഷിയായ സി.പി.ഐയോട് പോലും അന്ന് അഭിപ്രായം ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയുമായിരുന്നെങ്കില്‍, അന്നത്തെ സാഹചര്യത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചില്ലെന്നും മന്ത്രി ചോദിച്ചു.

We use cookies to give you the best possible experience. Learn more