ന്യൂദല്‍ഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലി കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന സമരം രാജ്യതലസ്ഥാനമായ ന്യൂദല്‍ഹിയില്‍ തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നാലാമതും ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച നടത്താന്‍ സി.ജെ.പി പ്രതിനിധികള്‍ വിസമ്മതിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍ നാല് തവണ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ജന്തര്‍ മന്തറിലോ സമരം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റേതെങ്കിലും പൊതുസ്ഥലത്തോ വെച്ച് മാത്രമേ ചര്‍ച്ച നടത്തൂ എന്നാണ് സി.ജെ.പിയുടെ നിലപാട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് തങ്ങളുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നെന്നും അത് അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു.
അതേസമയം, നീറ്റ് പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുള്ള ഗൗരവകരമായ ചര്‍ച്ചയാണ് ആവശ്യമെന്ന് ജെ.പി. നദ്ദ ആവശ്യപ്പെട്ടു.
ദല്‍ഹിക്ക് പുറമെ ജൂലൈ 24, വെള്ളിയാഴ്ച, രാജ്യവ്യാപക സമരത്തിനും സി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. നീറ്റ് വിവാദത്തില്‍ സുതാര്യവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുകയും ഉത്തരവാദപ്പെട്ടവര്‍ രാജിവെക്കുകയും ചെയ്യുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിനിധികളുടെയും സംയുക്ത നിലപാട്.
സമരം ആരംഭിച്ച് ഒന്നര മാസത്തിന് ശേഷം വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പേപ്പര്‍ ചോര്‍ച്ച തടയാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമല്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും സി.ജെ.പി പ്രതിനിധികള്‍ പ്രതികരിച്ചു.
പ്രക്ഷോഭകര്‍ക്ക് ആവേശമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 26-ാം ദിവസത്തിലേക്ക് കടന്നു. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്കെ പനി ബാധിച്ച് അവശനായെങ്കിലും ആരോഗ്യനില വകവെക്കാതെ സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
സമരം ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി.
Content Highlight: NEET Irregularities: CJP Protests Intensify in Delhi; Agitation for Education Minister’s Resignation Escalates.