| Friday, 22nd May 2026, 10:31 pm

നീറ്റ് പുനഃപരീക്ഷ: നൂറ് ശതമാനം കുറ്റമറ്റ രീതിയില്‍ നടത്തുമെന്ന് കേന്ദ്രം

ആദർശ് എം.കെ.

ന്യൂദല്‍ഹി: നീറ്റ് യു.ജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ചില കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വന്നുവെന്നും, ജൂണ്‍ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ നൂറ് ശതമാനം പിഴവുകളില്ലാത്തതാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ജാഗരണ്‍ ഭാരത് എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് 2026ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദങ്ങള്‍ കാരണം രാജ്യത്തെ ഏകദേശം 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ വലിയ മാനസിക വിഷമം അനുഭവിച്ചതായി മന്ത്രി സമ്മതിച്ചു.

’22 ലക്ഷം കുട്ടികള്‍ വലിയ മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയത്. ആ വേദന ഉള്‍ക്കൊണ്ടുകൊണ്ടും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുമാണ് ഞാന്‍ ഇന്ന് ഇത് പറയുന്നത്, ഞങ്ങള്‍ക്ക് ചില കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു,’ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

പരീക്ഷാ മാഫിയകളുടെ ഗൂഢാലോചന കാരണം അര്‍ഹനായ ഒരു വിദ്യാര്‍ത്ഥിക്ക് പോലും തങ്ങളുടെ സീറ്റ് നഷ്ടപ്പെടാന്‍ പാടില്ലെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ടെന്ന് പ്രധാന്‍ പറഞ്ഞു.

പരീക്ഷാ രീതികളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആദ്യ പരീക്ഷ പൂര്‍ണമായും റദ്ദാക്കിയത്.

ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ഞങ്ങള്‍ വിമര്‍ശനങ്ങളും വെല്ലുവിളികളും നേരിടുന്നുണ്ട്, അത് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ സിസ്റ്റം ശരിയാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പ്രശ്‌നങ്ങളില്‍ നിന്ന് കണ്ണടച്ച് മാറിനില്‍ക്കുന്നത് ഞങ്ങളുടെ കടമയല്ല,’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെയ് മൂന്നിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) നടത്തിയ പരീക്ഷയാണ് പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയത്.

നിലവില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) ഈ കേസ് അന്വേഷിച്ചുവരികയാണ്.

Content Highlight: NEET: Darmendra Pradhan says Centre aims for 100% error-free re-test

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more