| Sunday, 26th July 2026, 12:32 pm

'പോണാല്‍ പോട്ടും പോടാ' സിനിമയ്ക്കായി ഒരുക്കിയ പാട്ടായിരുന്നില്ല, ടൈപ്പ്കാസ്റ്റ് ആവാതിരിക്കാന്‍ ഓരോ ഘട്ടത്തിലും എന്നെത്തന്നെ പുതുക്കും: നീരജ് മാധവ്

അജ്മല്‍ കെ

ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ആര്‍.ഡി.എക്‌സ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നീരജ് മാധവ്. റാപ്പര്‍, കമ്പോസര്‍, നടന്‍ എന്ന നിലയില്‍ താരം സിനിമാലോകത്ത് സജീവമാണ്. ആര്‍.ഡി.എക്‌സ് സിനിമയിലെ ‘സീന്‍ മോനെ’ എന്ന പാട്ടിന് ശേഷം തന്റെ പുതിയ സിനിമയായ പ്ലൂട്ടോയ്ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Photo: Muzik247

‘ഞാന്‍ സംഗീതസംവിധാനം ചെയ്യുന്ന രണ്ടാമത്തെ പാട്ടാണ് പ്ലൂട്ടോ സിനിമയിലെ ‘പോണാല്‍ പോട്ടും പോടാ’. ഇതിന് മുമ്പ് ആര്‍.ഡി.എക്‌സ് സിനിമയിലെ ‘സീന്‍ മോനെ’ എന്ന ഗാനമാണ് ചെയ്തത്. പ്ലൂട്ടോയിലെ ഈ പാട്ട് ഞാന്‍ നേരത്തെ എഴുതിവെച്ചതായിരുന്നു. സിനിമയ്ക്ക് വേണ്ടി ഒരുക്കിയതല്ല. വെറുതെ ഒരു ഐഡിയ വന്നപ്പോള്‍ ചെയ്ത പാട്ടായിരുന്നു അത്. ഒരു ബ്രേക്കപ്പ് സോങ് ചുമ്മാ പുറത്തിറക്കാന്‍ പറ്റില്ലല്ലോ. അതിനുള്ള ഒരു സന്ദര്‍ഭം ഉണ്ടായിരുന്നില്ല. ഈ പാട്ട് സിനിമയുടെ റൈറ്റര്‍ കേട്ടിരുന്നു. സിനിമയില്‍ അതിന് അനുയോജ്യമായ ഒരു സന്ദര്‍ഭം വന്നപ്പോള്‍ ഈ പാട്ട് ഉപയോഗിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് എന്റെ രണ്ട് പാട്ടുകളും ഈ സിനിമയിലേക്ക് എത്തുന്നത് എന്നും നീരജ് മാധവ് പറഞ്ഞു.

ആര്‍.ഡി.എക്‌സ് എന്ന സിനിമ തന്റെ ഇമേജിനെ ബ്രേക്ക് ചെയ്യുന്ന ഒരു സിനിമയായിരുന്നു. അത്തരത്തില്‍ ആക്ഷന്‍ ചെയ്യുന്ന ഒരു സിനിമ താന്‍ മുന്നേ ചെയ്തിട്ടുണ്ടായിരുന്നില്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിലും താന്‍ എന്നെത്തന്നെ പുതുക്കിക്കൊണ്ടിരിക്കാനുള്ള ശ്രമം നടത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് ടൈപ്പ്കാസ്റ്റ് ആവാതെ മുന്നോട്ട് പോകാന്‍ സാധ്യമാകുന്നത്. ജനങ്ങളുടെ പ്രതീക്ഷകളെ ഓരോ തവണയും മറികടക്കാനും ഓരോ സിനിമയിലും സ്വന്തം നിലവാരം ഉയര്‍ത്താനുമാണ് ശ്രമിക്കുന്നത്. എന്നും നീരജ് മാധവ് പറഞ്ഞു.

പ്ലൂട്ടോ. Photo: IMDB

എങ്കിലും ചന്ദ്രികേ എന്ന സിനിമയ്ക്കു ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് ‘പ്ലൂട്ടോ’. നീരജ് മാധവ്, അല്‍ത്താഫ് സലിം, ആര്‍ഷ ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന സിനിമ ജൂലൈ 30 ന് തീയേറ്ററുകളിലെത്തും

Content Highlight: Neeraj Madhav talks about songs in cinema which composed by him

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more