| Saturday, 1st August 2026, 6:17 pm

പാരഗണില്‍ പോയി ഫുഡ് കഴിച്ച് ബില്‍ കൊടുക്കാതെ ഇറങ്ങി; രസകരമായ അനുഭവം ഓര്‍ത്തെടുത്ത് നീരജ് മാധവ്

അശ്വിന്‍ രാജേന്ദ്രന്‍

ജീത്തു ജോസഫ് ചിത്രങ്ങളായ ദൃശ്യത്തിലൂടെയും മെമ്മറീസിലൂടെയും സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നീരജ് മാധവ്. പിന്നീട് വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ലവകുശ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച താരത്തിന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമായിരുന്നു ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത പ്ലൂട്ടോ. ഏലിയനായി അല്‍ത്താഫ് സലീം വേഷമിട്ട ചിത്രത്തില്‍ വിക്കി എന്ന കഥാപാത്രമായാണ് നീരജ് മാധവ് പ്രത്യക്ഷപ്പെട്ടത്.

സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് പ്ലൂട്ടോയ്ക്ക് ലഭിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വ്‌ളോഗര്‍ കാര്‍ത്തിക് സൂര്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാാരിക്കവെ തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് നീരജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് പണം നല്‍കാതെ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് നീരജ് സംസാരിച്ചത്.

നീരജ് മാധവ്. Photo: IMDB

‘പണ്ട് എന്റെ ഒരു കൂട്ടുകാരന്‍ പാരഗണില്‍ നിന്നും ട്രീറ്റ് തരാമന്ന് പറഞ്ഞ് എന്നെയും വേറെ ഒരു സുഹൃത്തിനെയും കൊണ്ടുപോയി. ഞങ്ങള്‍ രണ്ട് പേരും അവന്റെ ഒപ്പം ഇരുന്ന് ആവശ്യത്തിന് ഓര്‍ഡര്‍ ചെയ്ത് കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ കഴിച്ച് തീരുന്നതിന് മുമ്പ് ഇവന്‍ കൈ കഴുകാന്‍ പോയി. ആ സമയത്ത് ബില്‍ അവിടെ കൊണ്ട് വന്നു വെച്ചു. അവന്‍ തിരിച്ച് വന്നിട്ട് കൈ കഴുകിയിട്ട് അവന്റെ പിന്നാലെ പതിയെ പുറത്തേക്ക് നടന്ന് വന്നോളാന്‍ പറഞ്ഞു. അത് കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.

ഞാന്‍ ഇത് ഇടയ്ക്ക് ചെയ്യുന്നതാണ്, ഭയങ്കര തിരക്കാണ് ആരും അറിയാന്‍ പോകുന്നില്ല എന്നാണ് അവന്‍ പറഞ്ഞത്. ആളുകള്‍ ഇറങ്ങി പോകുന്ന തിരക്കിന്റെ കൂടെ പതിയെ ഇറങ്ങിയാല്‍ മതിയെന്ന് പറഞ്ഞ് ഇവന്‍ മുന്നില്‍ ഇറങ്ങി പോയി. ഞാനും ഇവനും മാത്രം ബിരിയാണി തൊണ്ടയില്‍ കുടുങ്ങിയ പോലെ നില്‍ക്കുകയാണ്. ഞങ്ങളുടെ കൈയിലും കാശില്ലായിരുന്നു. അപ്പോള്‍ വേറെ വഴിയൊന്നും ഞങ്ങളുടെ മുന്നിലില്ല. അങ്ങനെ കൈ കഴുകി ബില്ലിങ് കൗണ്ടറിന്റെ മുന്നിലൂടെ നടന്ന് പുറത്തെത്തിയപ്പോഴതാ ഒരു വെയിറ്റര്‍ ഞങ്ങളോട് നില്‍ക്കാന്‍ പറഞ്ഞ് പിന്നാലെ വന്നു. പെട്ടു എന്ന് ഞങ്ങള്‍ക്ക് ഉറപ്പായി.

പ്ലൂട്ടോ. Photo: IMDB

നിങ്ങളുടെ യൂണിഫോം ഇട്ട് വേറെ ഒരുത്തന്‍ ഉണ്ടായിരുന്നില്ലേ അവന്‍ എങ്ങോട്ടാണ് പോയത് എന്ന് ചോദിച്ചു, അവന്‍ അവിടെ സ്ഥിരം വന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങുന്നതാണത്രേ. അവനങ്ങോട്ടേയ്ക്കാണ് പോയതെന്ന് പറഞ്ഞ് അയാളെ പറഞ്ഞയച്ചു. അവന്‍ അവിടെ ഓള്‍റെഡി സ്‌കെച്ചാണ്. അന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്,’ നീരജ് പറഞ്ഞു.

Content Highlight: Neeraj Madhav talks about his experience with his friends

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more