2013-ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് നീരജ് മാധവ്. പിന്നീട് ജിത്തു ജോസഫ് ചിത്രങ്ങളായ മെമ്മറീസ്, ദൃശ്യം എന്നിവയുടെ ഭാഗമാവുകയും ചെയ്തു. തുടർന്ന് പൈപ്പിൻ ചോട്ടിലെ പ്രണയം, കുഞ്ഞിരാമായണം, മധുരനാരങ്ങ, അടി കപ്യാരെ കൂട്ടമണി, ലവകുശ എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ നീരജ് ശ്രദ്ധനേടി. നീരജ് പ്രധാന വേഷത്തിലെത്തിയ പ്ലൂട്ടോ കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമവിശേഷങ്ങൾ പങ്കുവെക്കുകയാണ് നീരജ് മാധവ്.
ഒരു പ്രത്യേക ഗ്രൂപ്പിൽ പെടാതെ, സ്വന്തമായി പുതിയ കാര്യങ്ങൾ ചെയ്യുന്നതിലാണ് തനിക്ക് താത്പര്യം എന്ന് പറയുകയാണ് നീരജ് മാധവൻ. അതിന്റെ ഉദാഹരണമാണ് ലോക്ക്ഡൗൺ സമയത്ത് സംഗീത മേഖലയിലേക്കുള്ള തന്റെ കടന്നുവരവെന്ന് നടൻ കൂട്ടിച്ചേർത്തു.
നീരജ് മാധവ്. Photo. Screen grab/ Youtube
‘ഞാൻ എപ്പോഴും ഒരു ഗ്രൂപ്പിന്റെ അകത്ത് പെടണം എന്നൊന്നും ആഗ്രഹിച്ചിട്ടില്ല. സ്വന്തം രീതിയിൽ എങ്ങനെ നമുക്ക് നമ്മുടേതായ ചില പരിപാടികൾ ഉണ്ടാക്കിയെടുക്കാം എന്നാണ് നോക്കാറുള്ളത്. ഉദാഹരണത്തിന് മ്യൂസിക്, ലോക്ക്ഡൗണിന്റെ സമയത്ത് സംഭവിച്ച ഒരു കാര്യമാണ്.
കാരണം എല്ലാം ബ്ലോക്ക് ആയപ്പോൾ സൈഡിലൂടെ വേറെ ഒരു പരിപാടി കണ്ടുപിടിക്കുന്നു, പിന്നീട് അത് പുതിയൊരു കരിയറായിട്ട് മാറുന്നു. അപ്പോൾ അതിലൂടെ കുറെ പേർക്ക് മനസിലായി എനിക്ക് ഇങ്ങനെ ഒരു സംഭവം കൂടി ചെയ്യാൻ പറ്റും എന്ന്, അല്ലെങ്കിൽ ഷോസ് ചെയ്യാൻ പറ്റും എന്നൊക്കെ,’ നടൻ പറഞ്ഞു.
ജീവിതത്തിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ അത് സ്വന്തമായി ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും നീരജ് മാധവൻ പറയുന്നു. അതിന്റെ ഭാഗമായി ഒരു പാട്ട് ഉണ്ടാക്കാൻ താൻ ഒറ്റയ്ക്ക് വിചാരിച്ചാൽ നടക്കുമെങ്കിലും, സിനിമ പോലുള്ള വലിയ പ്ലാനുകൾക്ക് ഒരു ഗ്രൂപ്പിന്റെ ആവശ്യമുണ്ടെന്നും, അത് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടത്തുന്നുണ്ടെന്നും നീരജ് വ്യക്തമാക്കി.
നീരജ് മാധവ്. Photo. X.com
‘അവസരങ്ങൾ നമുക്ക് കിട്ടിയില്ലെങ്കിൽ അത് നമ്മൾ ഉണ്ടാക്കുക എന്നൊരു പരിപാടി മാത്രമേ ഉള്ളൂ അവിടെ രക്ഷപ്പെടാൻ ഒരു വഴി. കാരണം സപ്പോർട്ട് സിസ്റ്റം ഒന്നും ഇല്ലെങ്കിൽ നമ്മൾ തന്നെ നമ്മുടെ വഴികൾ കണ്ടുപിടിക്കും. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതൊക്കെ തന്നെയാണ്. പക്ഷേ അവിടെ ഒരു ബുദ്ധിമുട്ട്, ഒരു വ്യക്തി എന്ന രീതിയിലുള്ള പരിമിതികളാണ്.
കാരണം ഒരു പാട്ട് ഉണ്ടാക്കാൻ എന്നെക്കൊണ്ട് പറ്റും, എന്നാൽ ഒരു സിനിമ എന്നെക്കൊണ്ട് ഒറ്റയ്ക്ക് നടക്കുന്ന കാര്യമല്ല. അതിനൊരു ടീം വേണം. അപ്പോൾ കുറച്ചുകാലമായിട്ട് അങ്ങനെ ഒരു ടീം ഉണ്ടാക്കാനുള്ള എഫർട്ടിലാണ് ഞാൻ,’ നീരജ് മാധവ് പറഞ്ഞു.