| Thursday, 30th July 2026, 11:41 am

സിനിമയിൽ അവസരം ചോദിച്ചപ്പോൾ അപമാനിച്ച് വിട്ടിട്ടുണ്ട്: നീരജ് മാധവ്

കെ.എസ് ഷാബിന

മലയാള സിനിമയിൽ അഭിനയത്തിലും, ഡാൻസിലും, റാപ്പ് സംഗീതത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നീരജ് മാധവ്. 1983, സപ്തമശ്രീ തസ്കരാ, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗൗതമന്റെ രഥം തുടങ്ങിയ സിനിമകളിലൂടെ നീരജ് പ്രേക്ഷക ശ്രദ്ധ നേടി.

നീരജ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ആണ് പ്ലൂട്ടോ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ, സിനിമയിൽ അവസരം ചോദിച്ചതിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നീരജ്. വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

നീരജ് മാധവ്.Photo;Youtube

സിനിമകൾ ലഭിക്കാത്തപ്പോൾ വിഷമം തോന്നാറുണ്ടെന്ന് നീരജ് തുറന്നു പറയുന്നു. എന്നാൽ അത് ആളുകളുമായി താൻ ബന്ധം സൂക്ഷിക്കാത്തത് കൊണ്ടാണെന്നും, ആളുകളുമായി ഇടപെഴകുന്നതിൽ താൻ വീക്ക് ആണെന്നും നീരജ് പറഞ്ഞൂ. അവസരങ്ങൾ നമ്മളെ തേടി വരില്ല എന്നും, നമ്മൾ അവസരങ്ങൾ തേടി കണ്ടെത്തണം എന്നും താരം കൂട്ടിച്ചേർത്തു.

‘എന്റെ സ്ട്രോങ്ങ് ഏരിയ ക്രിയേഷൻ ആണ്. അതുകൊണ്ട് നമുക്കുള്ള കഴിവുകൾ വെച്ച് മുന്നോട്ട് പോവുക എന്നുള്ളതാണ് പ്രധാനം. നമ്മൾ അവസരങ്ങൾ തേടിപ്പോകണം. നമ്മളെ തേടി ഒന്നും സ്വയം വരില്ല. എനിക്ക് ലഭിച്ച രണ്ട് വലിയ പ്രൊജക്റ്റുകൾ ഞാൻ ഒന്നും ചെയ്യാതെ തന്നെ എന്നെ തേടി വന്നതാണ്. ഫാമിലി മാൻ വെബ് സീരീസും ആർ.ഡി.എക്സ് സിനിമയുമൊക്കെ അങ്ങനെ കിട്ടിയതാണ്. അങ്ങനെയൊക്കെ സംഭവിക്കാം, പക്ഷേ അത് എപ്പോഴും നടക്കണമെന്നില്ല. അഞ്ച് വർഷത്തിൽ ഒരിക്കലൊക്കെയായിരിക്കും അങ്ങനെ സംഭവിക്കുക. അതുകൊണ്ട് ഇനിയും അഞ്ച് വർഷം കാത്തിരിക്കാൻ കഴിയില്ല,’ നീരജ് പറഞ്ഞു.

നീരജ് മാധവ്.Photo;Tmdb

സിനിമയിൽ അവസരങ്ങൾചോദിച്ചപ്പോൾ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും നീരജ് അഭിമുഖത്തിൽ പറഞ്ഞു.
അവസരം ചോദിക്കുമ്പോൾ തനിക്കത് യാചിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നും, മുമ്പ് അവസരം ചോദിച്ചപ്പോൾ വളരെ മോശമായ രീതിയിൽ അപമാനം നേരിടേണ്ടി വന്നതിനാൽ, അതിന് ശേഷം അവസരം ചോദിച്ചിട്ടില്ല എന്നും നീരജ് തുറന്നു പറഞ്ഞു.

‘എനിക്ക് വെറുതെ ചെന്ന് അവസരം ചോദിക്കുമ്പോൾ ഒന്നും ഓഫർ ചെയ്യാനുണ്ടാകില്ല. അതേസമയം, ‘എന്റെ കയ്യിൽ ഒരു കഥയുണ്ട്, നിങ്ങളതൊന്ന് കേട്ടുനോക്കൂ’ എന്ന് പറയുന്നതിൽ ഒരു രസമുണ്ട്. മറിച്ച് വെറുതെ അവസരം ചോദിക്കുമ്പോൾ നമ്മൾ യാചിക്കുന്നത് പോലെയാണ് തോന്നുക. അവർ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമുക്ക് അവസരങ്ങൾ തരുന്നത്.

മുമ്പ് അവസരങ്ങൾ ചോദിച്ച ചില സാഹചര്യങ്ങളിൽ കടുത്ത അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം എനിക്ക് അവസരം ചോദിക്കാൻ കഴിഞ്ഞിട്ടില്ല. ‘അവസരമില്ല’ എന്ന് പറയേണ്ടിടത്ത് വളരെ മോശമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. ‘നിന്നെ ഒന്നും ഉദ്ദേശിച്ചിട്ടു പോലുമില്ല’ എന്ന തരത്തിലുള്ള മറുപടികളാണ് എനിക്ക് കിട്ടിയിട്ടുള്ളത്,’ നീരജ് പറഞ്ഞു.

Content Highlight: Neeraj Madhav says he was insulted while asking for cinema opportunities

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more