| Thursday, 30th July 2026, 8:47 am

ഞാൻ ചെയ്ത സിനിമകളിൽ ഒരു മോശം സിനിമ ഇല്ല: നീരജ് മാധവ്

കെ.എസ് ഷാബിന

മലയാള സിനിമയിൽ നടനായും, ഡാൻസറായും, റാപ്പറായും തന്റെ കഴിവ് തെളിയിച്ച താരമാണ് നീരജ് മാധവ്. 2013-ൽ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും, മോഹൻലാൽ ചിത്രമായ ‘ദൃശ്യ’ത്തിലെ ‘മോനച്ചൻ’ എന്ന കഥാപാത്രമാണ് നീരജിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയത്.

1983, സപ്തമശ്രീ തസ്കരാ, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗൗതമന്റെ രഥം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോൾ നീരജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് പ്ലൂട്ടോ. ചിത്രത്തിൽ അജു വർഗീസ് , അൽത്താഫ് സലിം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇപ്പോൾ തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുയാണ് നീരജ് മാധവ്. വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായായിരുന്നു താരം.

നീരജ് മാധവ്.Photo:The Indian Express

സിനിമകൾക്കായി നിരവധി കഥകൾ കേൾക്കാറുണ്ടെങ്കിലും തന്നിലേക്ക് എത്തുന്ന കഥകളിൽ പലതും അത്ര മികച്ചതല്ലെന്ന് നീരജ് പറയുന്നു. മലയാളത്തിൽ ഒരുപാട് നല്ല സിനിമകൾ സംഭവിക്കുന്നുണ്ടെങ്കിലും അതിൽ പലതും നമ്മളിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിനിമ വളരെ പാഷനേറ്റായി ചെയ്യുന്ന കാര്യമായതിനാൽ എണ്ണം തികയ്ക്കാൻ വേണ്ടി മാത്രം ചിത്രങ്ങൾ ചെയ്യാറില്ലെന്ന് നീരജ് പറയുന്നു. മുൻപ് ഒരു സമയത്ത് ഒരുപാട് സിനിമകൾ ചെയ്തിരുന്നു. അന്ന് ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് മാറിമാറി പോയിരുന്നതുകൊണ്ട്, സിനിമയുടെ കഥ പോലും വ്യക്തമായി കേൾക്കാതെയും അറിയാതെയുമാണ് അഭിനയിച്ചിരുന്നതെന്നും നീരജ് ഓർത്തെടുത്തു.

‘എണ്ണം തികയ്ക്കാൻ വേണ്ടി മാത്രം സിനിമകൾ ചെയ്യാറില്ല. ഇതൊരു വെറും ജോലിയായി തോന്നുന്ന ദിവസം ഈ പരിപാടി നിർത്തണമെന്നാണ് എന്റെ തീരുമാനം. സിനിമ ഞാൻ വളരെ പാഷനേറ്റായി ചെയ്യുന്ന ഒന്നാണ്, അല്ലാതെ എണ്ണത്തിൽ മാത്രം ഞാൻ ഫോക്കസ് ചെയ്യുന്നില്ല’ നീരജ് പറഞ്ഞു.

നീരജ് മാധവ്.Photo:OTTPlay

2014-15 കാലഘട്ടത്തിലാണ് ഞാൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, സപ്തമശ്രീ തസ്കരാ, ജമ്നാ പ്യാരി തുടങ്ങിയ സിനിമകളെല്ലാം ഒരു വർഷം ചെയ്തവയാണ്. അന്ന് ഒരു സിനിമയുടെ സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് പോകുകയായിരുന്നു. തുടക്കത്തിൽ അതൊരു ഭാഗ്യമായി തോന്നിയെങ്കിലും, ഒരു പരിധി കഴിഞ്ഞപ്പോൾ കഥ പോലും കേൾക്കാതെ, എന്താണെന്ന് പോലും അറിയാതെ പോയി അഭിനയിക്കുന്ന ഒരു അവസ്ഥയിലെത്തി.

ആ പ്രോസസ് ആസ്വദിക്കാൻ കഴിയാത്ത ഘട്ടമെത്തി. ചെയ്ത കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്ന് തോന്നിയപ്പോൾ നമുക്കൊരു വളർച്ച വേണം എന്ന് തോന്നി. അല്ലെങ്കിൽ ആളുകൾ വെറുക്കുന്ന അവസ്ഥ വരും എന്ന് മനസിലായി. എന്റെ സിനിമകൾ എടുത്തു നോക്കിയാൽ വളരെ മോശം സിനിമകൾ ഉണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. ആ ഒരു രീതിയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്,’ നീരജ് പറഞ്ഞു.

Content Highlight:Neeraj Madhav says he once acted in films without even knowing the story

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more