2023ലെ ഓണക്കാലത്ത് എത്തിയ ആർ.ഡി.എക്സ് മലയാളത്തിലെ വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ്. ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി.
എന്നാൽ ആർ.ഡി.എക്സിന്റെ രണ്ടാം ഭാഗം പ്ലാനിൽ ഉണ്ടായിരുന്നുവെന്നും അത് നടക്കാതെ പോയതിലുള്ള ആശങ്കകളെ കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോൾ താരം. തന്റെ പുതിയ ചിത്രമായ പ്ലൂട്ടോയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആർ.ഡി.എക്സിന്റെ രണ്ടാം ഭാഗം പ്ലാനിൽ ഉണ്ടായിരുന്നുവെന്നും അതിന്റെ കാര്യങ്ങൾ ഏകദേശം ഫൈനലായിരുന്നുവെന്നും നടൻ നീരജ് പറഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ ആ പദ്ധതി തള്ളിപ്പോയി. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും, അതിന് ചില തടസ്സങ്ങളുണ്ടെന്നും താരം വ്യക്തമാക്കി. എങ്കിലും എല്ലാവരും ആർ.ഡി.എക്സിന്റെ രണ്ടാം ഭാഗം സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
നീരജ് മാധവ്. Photo: Screengrab/ Youtube
കുറച്ച് മാസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനുള്ള പ്ലാനിങ് ഉണ്ടായിരുന്നു. എന്നാൽ ചില തടസ്സങ്ങൾ കാരണം അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ഐ ആം ഗെയിം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നഹാസ് ഇപ്പോൾ തിരക്കിലാണെന്നും, അടുത്ത സിനിമയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നീരജ് വ്യക്തമാക്കി.
ആർ.ഡി.എക്സിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന ആഗ്രഹം സംവിധായകൻ നഹാസിനും ഉണ്ടായിരുന്നു. എല്ലാവർക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങണമെന്നാണ് ആഗ്രഹമെന്നും, അത് സംഭവിക്കട്ടെയെന്നാണ് പ്രതീക്ഷയെന്നും നീരജ് മാധവ് പറഞ്ഞു.
ആർ.ഡി.എക്സ്. Photo: IMDB
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നഹാസ് ഹിദായത്തിന്റെ പുതിയ ചിത്രമാണ് ‘ഐ ആം ഗെയിം’. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ആർ.ഡി.എക്സിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന നിലയിൽ ഐ ആം ഗെയിമിനായി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
എങ്കിലും ചന്ദ്രികേ എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ ഒരുക്കിയ പുതിയ ചിത്രമാണ് ‘പ്ലൂട്ടോ’. നീരജ് മാധവ്, അൽത്താഫ് സലിം, ആർഷ ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്.
Content Highlight: Neeraj madhav says about RDX 2