| Sunday, 26th July 2026, 10:10 pm

കോമഡി കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യണമെന്ന തോന്നലാണ് പ്ലൂട്ടോയുടെ ഭാഗമാകാന്‍ കാരണം: നീരജ് മാധവ്

അമര്‍നാഥ് എം.

അഭിനയത്തിനൊപ്പം സംഗീതരംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ് നീരജ് മാധവ്. ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, ആര്‍.ഡി.എക്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അദ്ദേഹം റാപ്പറായും സംഗീതസംവിധായകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

ഏറെ നാളായി കോമഡി ഴോണറിലുള്ള സിനിമകള്‍ ചെയ്യാത്തതിന്റെ തോന്നലുണ്ടായിരുന്നുവെന്നും അതാണ് പ്ലൂട്ടോയുടെ ഭാഗമാകാന്‍ പ്രധാന കാരണമായതെന്നും നീരജ് മാധവ് പറഞ്ഞു. പ്ലൂട്ടോയുടെ പ്രമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

കുറച്ചുകാലങ്ങളായി കോമഡി സിനിമകള്‍ ചെയ്യുന്നില്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ഒരു കാമിയോ റോളാണ് ഞാന്‍ ചെയ്തിരുന്നത്. അത് ആകെ അഞ്ച് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് തിയേറ്ററില്‍ നല്ല പ്രതികരണം ലഭിച്ചിരുന്നു.

കുറേ പേര്‍ മെസേജ് അയച്ച്, എന്താണ് ഇപ്പോള്‍ ഹ്യൂമര്‍ ചെയ്യാത്തത്? എന്ന് ചോദിച്ചിട്ടുണ്ട്. ഒരു സമയത്ത് അങ്ങനെയുള്ള റോളുകള്‍ ചെയ്യേണ്ടെന്ന് ബോധപൂര്‍വം എടുത്ത തീരുമാനമായിരുന്നു. പക്ഷേ, അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യണം എന്ന തോന്നലാണ് പ്ലൂട്ടോയുടെ ഭാഗമാകാന്‍ കാരണമായത്,’ എന്നും താരം പറഞ്ഞു.

വേറെ ഒരു വലിയ സിനിമയുടെ തിരക്കിലായിരുന്നു ഞാനും ആദിത്യനും. പക്ഷേ, അതിന് കുറച്ചുകൂടി സമയം എടുത്ത് ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെ അത് നീണ്ടുപോകുന്നതിനിടെയാണ് തിരക്കഥാകൃത്ത് നിയാസ് ഒരു ത്രെഡ് പറഞ്ഞത്. ‘പെട്ടെന്ന് ഓണ്‍ ആക്കാന്‍ പറ്റുന്ന ഒരു ഐഡിയയുണ്ട്’ എന്ന് പറഞ്ഞ്, ജീവിതത്തില്‍ തോല്‍വികള്‍ മാത്രം നേരിടുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ഏലിയനെ കണ്ടുമുട്ടുന്നതാണ് കഥയെന്ന് പറഞ്ഞു. അങ്ങനെയാണ് പ്ലൂട്ടോ തുടങ്ങുന്നത്.’

എങ്കിലും ചന്ദ്രികേ എന്ന സിനിമയ്ക്കു ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് പ്ലൂട്ടോ. നീരജ് മാധവ്, അല്‍ത്താഫ് സലിം, ആര്‍ഷ ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമകൂടിയാണിത്. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന സിനിമ ജൂലൈ 30 ന് തിയേറ്ററുകളിലെത്തും.

Content Highlight: Neeraj Madhav saying why he select Pluto Movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more