ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത് നീരജ് മാധവ്, അജു വർഗ്ഗീസ്, അൽത്താഫ് സലീം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ മലയാളം കോമഡി സയൻസ് ഫിക്ഷൻ ചിത്രമാണ് ‘പ്ലൂട്ടോ’. ചിത്രത്തിൽ പ്രേക്ഷകപ്രിയ താരം അജു വർഗ്ഗീസാണ് പ്രധാന വില്ലനായി എത്തുന്നത്. തന്റെ കഥാപാത്രം ഒരു ‘മണ്ടൻ വില്ലൻ’ ആണെന്ന് അജു തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
‘ഒരു വടക്കൻ സെൽഫി’, ‘അടി കപ്യാരേ കൂട്ടമണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് നീരജ് മാധവിന്റേതും അജു വർഗ്ഗീസിന്റേതും. ഇരുവരുടെയും കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ ‘ഏലിയൻ’ ആയി എത്തുന്നത് നടനും സംവിധായകനുമായ അൽത്താഫ് സലീമാണ്.
പ്ലൂട്ടോ.നീരജ് മാധവ്.Photo:Imdb
എന്നാൽ ഈ ഏലിയൻ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ബേസിൽ ജോസഫിനെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നീരജ് മാധവ്. ‘പ്ലൂട്ടോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘വൺ ടു ടോക്‌സ്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നീരജ് ഇക്കാര്യം പറഞ്ഞത്.
‘ആദ്യം മുതലേ ‘പ്ലൂട്ടോ’യുടെ ചർച്ചകളിൽ ഉയർന്നുവന്ന പേരുകളിലൊന്നായിരുന്നു അൽത്താഫിന്റേത്. അദ്ദേഹത്തിന് ആ കഥാപാത്രം ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. ചില പ്രത്യേക മീറ്ററിലുള്ള പ്രകടനമാണ് ഈ സിനിമയ്ക്ക് ആവശ്യമായിരുന്നത്. മുൻപ് അദ്ദേഹം ചെയ്ത ഏതെങ്കിലും സിനിമയിലെ പ്രകടനം കണ്ടായിരിക്കാം ഞങ്ങൾക്ക് ആ വിശ്വാസം വന്നത്; അതിനൊരു കൃത്യമായ ഉത്തരം പറയാൻ കഴിയില്ല.
ബേസിൽ ജോസഫ്.അൽത്താഫ് സലീം.Photo:Cinrema Express
സിനിമയുടെ ആദ്യ ഘട്ടത്തിൽ ബേസിൽ ജോസഫിനെയായിരുന്നു ആ വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത്. അദ്ദേഹത്തോട് കഥ പറയുകയും ചെയ്തിരുന്നു. എന്നാൽ അല്ലു അർജുൻ ചിത്രത്തിന്റെ തിരക്കുകൾ ഉള്ളതിനാൽ ഒന്നര വർഷം കാത്തിരിക്കാനാണ് ബേസിൽ അന്ന് പറഞ്ഞത്.
അങ്ങനെയാണ് അൽത്താഫിലേക്ക് എത്തിയത്. ബേസിലാണ് അഭിനയിച്ചതെങ്കിൽ സിനിമയുടെ മീറ്റർ മറ്റൊന്നായേനേ. എന്നാൽ അൽത്താഫ് ഇതിൽ വേറൊരു ശൈലിയാണ് പിടിച്ചിരിക്കുന്നത്, അത് വളരെ നന്നായി വർക്ക് ആയിട്ടുമുണ്ട്.’ നീരജ് മാധവ് പറഞ്ഞു.
Content Highlight:Neeraj Madhav said they first wanted Basil Joseph to play the alien in pluto movie