| Wednesday, 29th July 2026, 7:09 am

നെടുമുടി ചേട്ടനെ പോലെ ഏത് റോളും ചെയ്യാന്‍ കഴിയുന്ന നടനായി അജുവേട്ടന്‍ മാറി; താരത്തെ കുറിച്ച് നീരജ് മാധവും അല്‍ത്താഫ് സലീമും

അശ്വിന്‍ രാജേന്ദ്രന്‍

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളിലൊരാളായി സ്ഥാനക്കയറ്റം നേടിയ ആളാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചവരില്‍ ഒരാളാണ് താരം. കരിയറിന്റെ തുടക്ക കാലത്ത് നിവിന്‍ പോളിയുമൊത്തുള്ള കോമ്പിനേഷനിലൂടെ ഹാസ്യതാരമായി അജു പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് കോമഡി വേഷങ്ങളില്‍ നിന്നും ട്രാക്ക് മാറ്റിയ അജു പല ഷേഡുകളിലുള്ള കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.

ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങി ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അജു, സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം കറുപ്പിലും തിളങ്ങിയിരുന്നു. ആദിത്യ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് അടുത്ത ദിവസം തിയേറ്ററുകളിലെത്താനിരിക്കുന്ന പ്ലൂട്ടോ ആണ് അജുവിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ അജുവിന് പുറമെ നീരജ് മാധവ്, അല്‍ത്താഫ് സലീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സര്‍വ്വം മായ. Photo: Ott Play

പ്ലൂട്ടോയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് മാധവും അല്‍ത്താഫ് സലീമും അജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഹാസ്യവേഷങ്ങളില്‍ നിന്നും മാറി ഒരു നടനെന്ന നിലയില്‍ നിന്നും അജുവിനുള്ള മാറ്റത്തെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

‘മലര്‍വാടിയില്‍ കണ്ട ആര്‍ടിസ്റ്റിനെക്കാള്‍ അജുവേട്ടന്‍ ഒരുപാട് ഇവോള്‍വ് ആയിട്ടുണ്ട്. അന്ന് വളരെ പ്ലെയിനായ ആക്ടറായിട്ടാണ് തോന്നിയത്. ഒരുപാട് ലെയറുകള്‍ ഒന്നും തോന്നിയിട്ടില്ല. അതിന് ശേഷം അദ്ദേഹം തന്നെ ഒരുപാട് എഫേര്‍ട്ട് എടുത്താണ് മാറിയിട്ടുള്ളത്. ഇപ്പോള്‍ വേണു ചേട്ടനെ പോലെ ഷേപ്പ് ഷിഫ്റ്ററായിട്ടുള്ള ആക്ടറായി അദ്ദേഹം മാറി. സര്‍വ്വം മായ കണ്ടപ്പോള്‍ എവിടെയോ എനിക്ക് വേണു ചേട്ടനെ പോലെ തോന്നി. ആളുടെ റേഞ്ച് വളരെ കൂടിയതായി തോന്നിയിട്ടുണ്ട്. എന്ത് കഥാപാത്രവും ചെയ്യാന്‍ സാധിക്കുന്ന രീതിയിലേക്ക് അജുവേട്ടന്‍ വളര്‍ന്നിട്ടുണ്ട്,’ അല്‍ത്താഫ് സലീം പറഞ്ഞു.

പ്ലൂട്ടോ. Photo: X.com

ഒരുപാട് സിനിമകളില്‍ അഭിനയിച്ച് അതിലെയെല്ലാം എക്‌സ്പീരിയന്‍സ് കൊണ്ട് ഓരോ തവണയും മെച്ചപ്പെടുന്ന നടനാണ് അജുവെന്ന് അല്‍ത്താഫ് പറഞ്ഞു. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ശരീരത്തെക്കാള്‍ അജു ഡയലോഗ് ഡെലിവറിയില്‍ മാറ്റം കൊണ്ടുവരുന്നത് താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഏത് കഥാപാത്രത്തിന് ഏത് മോഡുലേഷന്‍ വേണം എന്ന് തിരിച്ചറിഞ്ഞ് അതിന്റെതായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ താരത്തിന് സാധിക്കുന്നുണ്ടെന്നും ഇത് വലിയ കാര്യമാണെന്നും സംവിധായകന്‍ കൂടിയായ അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Neeraj Madhav and Althaf Salim talks about Aju varghese

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more