2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് നീരജ് മാധവ്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നീരജ് പിന്നീട് കോമഡി റോളുകളിലും ക്യാരക്ടര്‍ റോളുകളിലും തിളങ്ങി. ഫാമിലി മാന്‍ സീരീസിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ താരത്തിന് സാധിച്ചു.
നായകവേഷത്തിലും തിളങ്ങിയ നീരജ് കരിയറില്‍ ഇപ്പോള്‍ ചെറിയ ഗ്യാപ്പുകള്‍ എടുത്താണ് സിനിമകള്‍ ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയിലാണ് താരം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്തുകൊണ്ട് കരിയറില്‍ ഇപ്പോള്‍ ഗ്യാപ്പുകള്‍ വരുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നീരജ് മാധവ്. ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അതില്‍ പലതും തന്നെ ഇംപ്രസ് ചെയ്യിക്കാറില്ലെന്ന് താരം പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടായിരുന്നെന്നും അന്നൊന്നും കഥ മുഴുവനായി കേള്‍ക്കാറില്ലെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് പോകുന്ന അവസ്ഥയായിരുന്നെന്നും അന്നൊന്നും സ്‌ക്രിപ്റ്റ് കേള്‍ക്കാനുള്ള സമയമില്ലായിരുന്നെന്നും താരം പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു നീരജ് മധവ്.
‘2014ലോ 15ലോ ആണെന്ന് തോന്നു. ഒമ്പത് സിനിമകളാണ് ഞാന്‍ ചെയ്തത്. ചാര്‍ലി, അടി കപ്യാരെ കൂട്ടമണി, സപ്തമശ്രീ തസ്‌കര, ജമ്‌നാപ്യാരി, കുഞ്ഞിരാമായണം എല്ലാം ഒരൊറ്റ വര്‍ഷം ചെയ്തതാണ്. പിന്നീട് എനിക്ക് തന്നെ ഈയൊരു പ്രോസസ്സില്‍ എക്‌സൈറ്റ്‌മെന്റ് ഇല്ലാതായി. കാരണം, ആ ഒരു രീതിയില്‍ പോയാല്‍ ആളുകള്‍ക്ക് എന്നെ മടുക്കുമോ എന്ന് തോന്നി.
കാരണം, എല്ലാ സിനിമയിലും ഒരേ കാര്യം തന്നെ റിപ്പീറ്റ് ചെയ്താല്‍ കരിയര്‍ തന്നെ ചിലപ്പോള്‍ ക്രാഷ് ലാന്‍ഡായേക്കുമോ എന്ന് പേടിച്ചു. അതുകൊണ്ട് സ്‌ക്രിപ്റ്റ് മുഴുവന്‍ കേട്ട്, എനിക്ക് എന്താണ് ഇതില്‍ ചെയ്യാന്‍ പറ്റുന്നത് എന്ന് നോക്കി സിനിമ ചെയ്യാന്‍ തുടങ്ങി. അതാണ് സംഭവിച്ചത്.
ഇപ്പോഴും ഒരുപാട് കഥകള്‍ കേള്‍ക്കുമെങ്കിലും അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല. എനിക്ക് ചുറ്റും ഒരുപാട് നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ, അതൊന്നും എന്നെത്തേടി വരുന്നില്ലെന്നാണ് സത്യം. അതാണ് കരിയറില്‍ വലിയ ഗ്യാപ്പുകള്‍ വരുന്നത്. നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് മനസിലുള്ളത്,’ നീരജ് മാധവ് പറയുന്നു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പ്ലൂട്ടോ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന് ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രം സൈ-ഫൈ കോമഡി ഴോണറിലാണ് ഒരുങ്ങിയത്. വിക്കി എന്ന കഥാപാത്രത്തിന് ഒരു ഏലിയനെ കിട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.
Content Highlight: Neeraj Madhav about the gap in his career