മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നീന കുറുപ്പ്. പഞ്ചാബി ഹൗസ് ചിത്രത്തിലെ നീനയുടെ കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പഞ്ചാബി ഹൗസിനെ കുറിച്ചും താന്‍ അതില്‍ അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് നടി.
എത്ര സിനിമയും സീരിയലുകളും ചെയ്തിട്ടുണ്ടെങ്കിലും പഞ്ചാബി ഹൗസ് എന്ന സിനിമയാണ് എല്ലാവരുടെയും മനസിലുള്ളതെന്നാണ് നീന പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എത്ര സിനിമയും സീരിയലുകളും ചെയ്തിട്ടുണ്ടെങ്കിലും പഞ്ചാബി ഹൗസ് എന്ന സിനിമയാണ് എല്ലാവരുടെയും മനസിലുള്ളത്. ഇപ്പോഴുള്ള കുഞ്ഞുകുട്ടികള്‍ പോലും ആ സിനിമയെ കുറിച്ചും എന്റെ റോളിനെ കുറിച്ചും പറയാറുണ്ട്.
പഞ്ചാബി ഹൗസിന് ഒരു പ്രത്യേകതയുണ്ട്. ഇന്നും ഫെസ്റ്റിവല്‍ സമയത്ത് ടെലിവിഷനില്‍ സ്ഥിരം വരുന്ന സിനിമകളില്‍ ഒന്നാണ് അത്. ഓണത്തിനും വിഷുവിനുമൊക്കെ ഈ സിനിമ ടി.വിയില്‍ വരാറുണ്ട്.
അതുകൊണ്ടാണ് കുട്ടികള്‍ക്ക് പോലും ഈ സിനിമ ഇത്രയും പരിചയം. പഞ്ചാബി ഹൗസ് എന്ന ചിത്രത്തിനെ കുറിച്ച് ചോദിച്ചാല്‍ ഒരുപാട് നല്ല ഓര്‍മകളുണ്ട്. ഞാന്‍ ആ പടം ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ച ഒരാളാണ്.
അതിന് മുമ്പ് ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിക്കാനായി ഞാന്‍ പോയിരുന്നു. അന്ന് അവര്‍ ഒരു പടമുണ്ടെന്ന് പറഞ്ഞ് നമ്മളെ കൊണ്ടുപോകും. ആദ്യം നമ്മളോട് പറയുക പത്ത് ദിവസത്തെ ഷൂട്ടിങ് ഉണ്ടെന്നാണ്.
പക്ഷെ രണ്ട് ദിവസം കഴിയുമ്പോഴേക്കും ‘നിങ്ങള്‍ക്ക് ഇനി ഷൂട്ടില്ല. ഈ സീനുകള്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലാം കട്ട് ചെയ്തു’വെന്ന് പറയും. അത്തരത്തിലുള്ള ഒന്നുരണ്ട് അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു.
അതേസമയത്താണ് പഞ്ചാബി ഹൗസ് വരുന്നത്. ഇതും അതുപോലെ തന്നെയാകുമെന്ന് ഞാന്‍ കരുതി. അതുകൊണ്ട് എനിക്ക് ഡേറ്റില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. സീരിയലില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന സമയമാണല്ലോ.
പക്ഷെ കണ്‍ട്രോളറായ ഷണ്‍മുഖണ്ണന്‍ എന്നെ വിടാതെ പിടിച്ചു. മോളുടെ ഡേറ്റ് പറയ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവസാനം ഞാന്‍ അടുത്ത മാസത്തെ ഒരു സമയം പറഞ്ഞു. ആ ഡേറ്റില്‍ നോക്കട്ടേയെന്നാണ് പറഞ്ഞത്.
ഒടുവില്‍ ഞാന്‍ എനിക്ക് അറിയുന്ന വേറെയൊരു അസോസിയേറ്റ് ഡയറക്ടറിനെ വിളിച്ച് കാര്യം പറഞ്ഞു. എനിക്ക് എങ്ങനെയെങ്കിലും ഈ സിനിമയില്‍ നിന്നും ഒഴിവാകണമെന്നും ഇവരെന്നെ വിടുന്നില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു.
അങ്ങനെ അദ്ദേഹം എനിക്കൊരു ബുദ്ധി പറഞ്ഞു തന്നു. അവര്‍ പറയുന്ന പേയ്‌മെന്റിന്റെ ഡബിള്‍ ആവശ്യപ്പെടാനാണ് പറഞ്ഞത്. അങ്ങനെ ചെയ്താല്‍ അവര്‍ ഒഴിഞ്ഞു പോകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അവസാനം ഞാന്‍ ഡബിള്‍ അല്ല, ട്രിപിളാണ് പറഞ്ഞത്. പക്ഷെ അവര്‍ അതിന് ഒന്നും പറഞ്ഞില്ല. അതിന് ഓക്കെയാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ പഞ്ചാബി ഹൗസ് സിനിമയില്‍ എത്തിയത്,’ നീന കുറുപ്പ് പറയുന്നു.
Content Highlight: Neena Kurup Talks About Punjabi House Movie Role