| Saturday, 19th July 2025, 4:32 pm

'അതുകൊണ്ടാണോ കുതിരയെ വാങ്ങി കൊടുത്തത്?' 15 വയസുകാരിയായ മകളെ കുറിച്ചുള്ള മോശം കമന്റ്: നീന കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നീന കുറുപ്പ്. മുമ്പ് ഒരു യൂട്യൂബ് ഇന്റര്‍വ്യൂവിന് താഴെ വന്ന മോശം കമന്റിനെ കുറിച്ച് പറയുകയാണ് നടി. 15 വയസുകാരിയായ തന്റെ മകളെ പറ്റി ചോദിക്കാവുന്ന ഏറ്റവും മോശം കമന്റായിരുന്നു അതെന്നാണ് നീന പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

അന്നു മുതല്‍ക്കാണ് തനിക്ക് ഇന്റര്‍വ്യൂവിനോട് ഇഷ്ടകേട് വന്നതെന്നും സിനിമയെ കുറിച്ച് മാത്രമുള്ള ചോദ്യങ്ങളാണെങ്കില്‍ കുഴപ്പമില്ലെന്നും അവര്‍ പറയുന്നുണ്ട്. പേഴ്‌സണല്‍ ലൈഫിലേക്ക് ചോദ്യങ്ങള്‍ പോകുമ്പോഴാണ് മറുപടികള്‍ ആളുകള്‍ വേറെ രീതിയില്‍ എടുക്കുന്നതെന്നും നീന കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ മകള്‍ക്ക് 15 വയസ് ആയ സമയത്ത് ഞാന്‍ അവള്‍ക്ക് ഒരു കുതിരയെ വാങ്ങി കൊടുത്തിരുന്നു. അന്ന് ആ കുതിരയെ വാങ്ങി കൊടുത്തത് വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. അന്ന് ഏതോ ചാനലുകാര്‍ വന്ന് ഇന്റര്‍വ്യു ഒക്കെ എടുത്തിരുന്നു.

ഞാനും എന്റെ ഭര്‍ത്താവും ഇപ്പോള്‍ സപ്പറേറ്റഡാണ്. അത് ഞാന്‍ എല്ലാവരോടും പറയുന്ന കാര്യവുമാണ്. എന്നാല്‍ ഞങ്ങള്‍ പരസ്പരം ഇടയ്‌ക്കൊക്കെ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഇടയില്‍ കോമണ്‍ ഫാക്ടറായി മകളുണ്ടല്ലോ.

അതുകൊണ്ട് ആ വീട്ടിലെ എന്തുകാര്യത്തിനും ഞാന്‍ അവിടേക്ക് പോകാറുണ്ട്. എന്റെ വീട്ടിലെ കാര്യത്തിന് പുളളിയും വരാറുണ്ട്. ചുരുക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ നല്ല റാപ്പോയാണ്. അങ്ങനെയൊരു ഇന്റര്‍വ്യൂവിന് ഇടയില്‍ എന്നോട് ആ ഇന്റര്‍വ്യു എടുക്കുന്ന ആള്‍ ഒരു ചോദ്യം ചോദിച്ചു.

‘ചേച്ചിക്ക് ഒരു ആണ്‍തുണ ഇല്ലാത്തത് കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടോ’ എന്നായിരുന്നു ചോദിച്ചത്. ഞാന്‍ അതിന് മറുപടി കൊടുത്തത് വളരെ ലൈറ്റ് ഹ്യൂമറായിട്ടായിരുന്നു. ‘ആണ്‍തുണ ഉള്ളപ്പോഴാണ് നമുക്ക് കൂടുതല്‍ സ്‌ട്രെസ്’ എന്നായിരുന്നു എന്റെ മറുപടി.

രാവിലെ ചായ ഉണ്ടാക്കി കൊടുക്കണം, ഉച്ചയ്ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കണം. എല്ലാം കറക്ടായി ചെയ്തില്ലെങ്കില്‍ അവര്‍ക്ക് വിഷമാകുമല്ലോ. അമ്മ പൊതുവെ അങ്ങനെയാണ്. ഞങ്ങളുടെ കാര്യമല്ല, അച്ഛന്റെ ഇഷ്ടമാണ് നോക്കാറുള്ളത്.

നമ്മളും കണ്ട് പഠിക്കുന്നത് അത് തന്നെയല്ലേ. അതുകൊണ്ടായിരുന്നു ഞാന്‍ ‘ആണ്‍തുണ ഇല്ലാത്തത് കൊണ്ട് നമ്മള്‍ കുറച്ച് കൂടിയൊന്ന് ഫ്രീയാകും. സമാധാനമാണ്’ എന്ന് പറഞ്ഞത്. ഈ രീതിയിലായിരുന്നു എന്റെ മറുപടി.

എന്നാല്‍ ആ ഇന്റര്‍വ്യുവിന് താഴെ വന്ന ഒരു കമന്റ് ‘അതുകൊണ്ടാണോ മകള്‍ക്കൊരു കുതിരയെ വാങ്ങി കൊടുത്തത്’ എന്നായിരുന്നു. അത് ഒരു 15 വയസുകാരിയായ പെണ്‍കുട്ടിയോട് ചോദിക്കാവുന്ന ഏറ്റവും മോശമായ കമന്റായിരുന്നു അത്.

അത് ശരിക്കും വളരെ മോശമായിരുന്നു. സത്യത്തില്‍ അന്നു മുതല്‍ക്കാണ് എനിക്ക് ഇന്റര്‍വ്യൂവിനോട് ഇഷ്ടകേട് വന്നത്. പിന്നെ സിനിമയെ കുറിച്ച് മാത്രമുള്ള ചോദ്യങ്ങളാണെങ്കില്‍ കുഴപ്പമില്ല. പേഴ്‌സണല്‍ ലൈഫിലേക്ക് ചോദ്യങ്ങള്‍ പോകുമ്പോഴാണ് ഞങ്ങളുടെ മറുപടികള്‍ അവര്‍ വേറെ രീതിയില്‍ എടുക്കുന്നത്,’ നീന കുറുപ്പ് പറയുന്നു.


Content Highlight: Neena Kurup Talks About A Bad Comment

We use cookies to give you the best possible experience. Learn more