| Wednesday, 23rd July 2025, 8:30 am

പഞ്ചാബി ഹൗസില്‍ ആദ്യം മോഹിനിയായിരുന്നില്ല നായിക, പഞ്ചാബി ലുക്കില്ലെന്ന് പറഞ്ഞ് അവരെ മാറ്റി: നീന കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നീന കുറുപ്പ്. സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ അവര്‍ ശ്രദ്ധേയയാണ്. 1998ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലൂടെയാണ് നീനയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. പഞ്ചാബി ഹൗസിലെ നീന അവതരിപ്പിച്ച കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ മോഹിനിയാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോള്‍ പഞ്ചാബി ഹൗസില്‍ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് മോഹിനിയെ ആയിരുന്നില്ലെന്ന് നീന പറയുന്നു. പൂജ എന്ന കഥാപാത്രമായി ആദ്യം മറ്റൊരു നടിയെയാണ് കാസ്റ്റ് ചെയ്‌തെന്നും അവര്‍ മൂന്ന് ദിവസം ഷൂട്ടിനുണ്ടായിരുന്നുവെന്നും നീന പറയുന്നു. അവസാനമാണ് മോഹിനി തങ്ങളുടെ കൂടെ ജോയിന്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുടെ അവസാന പോര്‍ഷന്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അത് ചെയ്യുമ്പോള്‍ തനിക്ക് ടെന്‍ഷനുണ്ടായിരുന്നുവെന്നും നീന പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ശരിക്കും മോഹിനി അല്ലായിരുന്നു ഫസ്റ്റ് ഹീറോയിന്‍. മറ്റൊരാളാണ് ആ റോള്‍ ചെയ്തത്. ഒരു മൂന്ന് ദിവസം അവരാണ് ചെയ്തത്. ആ കുട്ടിക്ക് എന്തോ ഒരു പഞ്ചാബി ലുക്ക് ഇല്ലെന്ന് പറഞ്ഞ് മാറ്റിയിട്ട്, ഒരു ദിവസം ബ്രേക്ക് ചെയ്തിട്ടാണ് മോഹിനി ഞങ്ങളുടെ കൂടെ ജോായിന്‍ ചെയ്തത്. അവസാന നിമിഷം തീരുമാനം മാറുകയായിരുന്നു.

സിനിമയുടെ അവസാനം ഭാഗം വളരെ പ്രധാനപ്പെട്ടതാണെന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു. ഇമോഷണലായിട്ട് മോഹിനി പറയാന്‍ നോക്കുമ്പോള്‍ ഞാന്‍ അത് വാക്കുകള്‍ കൊണ്ട് പറഞ്ഞു കൊടുക്കണം. ഞാന്‍ നല്ല ടെന്‍ഷനിലായിരുന്നു അപ്പോള്‍. അത് ചെയ്യാന്‍ പറ്റുമോ എന്നൊരു പേടിയുണ്ടായിരുന്നു. സിനിമയില്‍ അത് എങ്ങനെ വന്നിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ആരും പരാതിയൊന്നും പറയുന്നത് കേട്ടിട്ടില്ല,’ നീന കുറുപ്പ് പറയുന്നു.

പഞ്ചാബി ഹൗസ്

റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തില്‍ ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, നീന, ജോമോള്‍, മോഹിനി, ലാല്‍, ജനാര്‍ദനന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. ഇന്നും മലയാളികള്‍ ഏറെ പ്രിയപ്പെട്ട ചിത്രങ്ങിലൊന്നാണ് പഞ്ചാബി ഹൗസ്.

Content Highlight: Neena  kurup says that Mohini was not the first to be cast as the heroine in Punjabi House

We use cookies to give you the best possible experience. Learn more