മലയാള സിനിമയിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച സിനിമയായിരുന്നു ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. ചിത്രം 300 കോടിയും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധി റെക്കോർഡുകളും ലോകഃയുടെ പേരിലുണ്ട്.
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 50 ദിവസം കഴിഞ്ഞിട്ടും നീലിയുടെ തേരോട്ടം അവസാനിച്ചിട്ടില്ല. ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ലോകഃ. കഴിഞ്ഞ ദിവസത്തെ തിരക്ക് മൂലം ചിത്രത്തിന്റെ സ്‌പെഷ്യൽ ഷോ കൊച്ചി പി.വി.ആറിൽ സംഘടിപ്പിച്ചിരുന്നു. എക്‌സട്രാ ഷോയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്നലെ രാത്രി സംഘടിപ്പിച്ച 07.45ന്റെ ഷോയും 07.40ന്റെ ഷോയും പരമാവധി ഫുള്ളായിരുന്നു. ഞായറാഴ്ചയായിരുന്നു എന്നതും തിയേറ്ററിൽ ആളെത്താൻ സഹായിച്ചു.
കളക്ഷനിൽ മാത്രമല്ല, മറ്റ് പല റെക്കോഡുകളും ലോകഃക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. മലയാളത്തിൽ ആദ്യമായി 50000 ഷോ പൂർത്തിയാക്കുന്ന ചിത്രമെന്ന നേട്ടം വേൾഡ്വൈഡ് ഏറ്റവുമധികം ഫുട്ഫാൾസ് നേടിയ മലയാളചിത്രമെന്ന നേട്ടവും ലോകഃക്ക് സ്വന്തമാണ്.
കേരളത്തിൽ മാത്രം അല്ല കേരളത്തിന് പുറത്തും തരംഗം സൃഷ്ടിക്കാൻ ലോകഃയ്ക്ക് സാധിച്ചു. തെലുങ്കിൽ കൂടുതൽ കളക്ഷൻ നേടിയ ചിത്രം, ആഗോള തലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത സിനിമ, കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ സിനിമ എന്നീ റെക്കോർഡുകളും ലോകഃ സ്വന്തമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ പതിപ്പുകളും വിജയിച്ചു.
ചിത്രത്തിന്റെ ഒ.ടി.ടി റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ ഹോട്ട്സ്റ്റാർ വഴിയാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം ജിയോ ഹോട്ട്സ്റ്റാർ വഴി പുറത്ത് വന്നിരുന്നു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ്.
Content Highlight: Neeli continues to perform special shows even after 50 days