| Saturday, 27th September 2025, 12:56 pm

അനിവാര്യം; പക്ഷേ എസ്.ഐ.ആറിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ അട്ടിമറിയാകരുത്: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വോട്ടര്‍പട്ടിക കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുക എന്നത് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പിന് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

ആരോഗ്യകരമായ ജനാധിപത്യത്തിന് പിഴവുകളില്ലാത്ത വോട്ടര്‍പട്ടിക ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.

എന്നാല്‍ നമ്മള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം പട്ടാപ്പകല്‍ കൊള്ളയടിക്കപ്പെട്ട സാഹചര്യം തെളിവുകളടക്കം പുറത്തെത്തിച്ചിരിക്കുന്നത് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയാണ്. ഏകപക്ഷീയമായി പെരുമാറുന്ന ഒരു തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കീഴിലാണ് ഈ പ്രത്യേക റിവിഷന്‍ നടക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഓരോ സമ്മതിദായകരും വോട്ടര്‍പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രമല്ല ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. അത് ഉറപ്പിക്കാന്‍ നമുക്കായില്ലെങ്കില്‍ ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്‍ എന്ന നിലയില്‍ അത് നമ്മുടെ ഓരോരുത്തരുടെയും പരാജയമാണെന്നും രമേശ് ചെന്നിത്തല ലേഖനത്തില്‍ പറയുന്നു.

മരിച്ചവര്‍, താമസം മാറിയവര്‍, ഒന്നിലധികം പട്ടികയില്‍ ഇടംപിടിച്ചവര്‍, പൗരന്‍മാര്‍ അല്ലാത്തവര്‍, അയോഗ്യര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് എസ്.ഐ.ആറിന്റെ ലക്ഷ്യമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഉപയോഗിക്കുന്ന വഴികളെ കുറിച്ചുള്ള ദുരൂഹത ബാക്കി നില്‍ക്കുന്നതായും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

2021ല്‍ താന്‍ തന്നെ 4.35 ലക്ഷം വ്യാജവോട്ടുകള്‍ കണ്ടെത്തിയിരുന്നുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു. കണ്ടെത്തിയത് അത്രയും ആയിരുന്നെങ്കിലും അന്ന് ഏതാണ്ട് 10-15 ലക്ഷം വ്യാജവോട്ടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഏകദേശ എസ്റ്റിമേറ്റ്. 2021ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ അവകാശവാദം.

‘2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24.5 ലക്ഷവും 2016ലെ തെരഞ്ഞെടുപ്പില്‍ 12 ലക്ഷവുമായിരുന്നു യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം. അതിന് മുമ്പ് ശരാശരി പത്ത് ലക്ഷത്തില്‍ താഴെയും. ഇത് സ്വാഭാവികമായ വളര്‍ച്ചയല്ല, മറിച്ച് ഇരട്ടവോട്ടും വ്യാജവോട്ടുകളും കൊണ്ടുകൂടി ഉണ്ടായതാണ് എന്നത് പരമപ്രധാനമാണ്,’ രമേശ് ചെന്നിത്തല എഴുതി.

ഇന്ത്യക്കാരായ പ്രവാസികളെ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ഓരോ നിയോജക മണ്ഡലങ്ങളിലും താമസക്കാരായ സാധാരണ പൗരന്മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് പൗരത്വരേഖകള്‍ ഹാജരാക്കണം തുടങ്ങിയ കഠിന നിയന്ത്രണങ്ങള്‍ ജനാധിപത്യത്തിന്റെ ആത്യന്തികമായ അട്ടിമറിയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എസ്.ഐ.ആറിന്റെ ആത്യന്തിക ലക്ഷ്യം ജനാധിപത്യത്തിന്റെ അട്ടിമറി ആകരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നിലവില്‍ എസ്.ഐ.ആറിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം.

Content Highlight: Necessary; but the ultimate goal of SIR should not be the overthrow of democracy: Chennithala

We use cookies to give you the best possible experience. Learn more