| Monday, 2nd June 2025, 9:56 pm

ലോകത്തിലെ ഏഴ് ബില്യണ്‍ മനുഷ്യര്‍ പൗരാവകാശങ്ങള്‍ക്ക് പുറത്ത്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: ലോകജനസംഖ്യയുടെ 85 ശതമാനവും അടിച്ചമര്‍ത്തപ്പെട്ടതോ അടച്ചുപൂട്ടപ്പെട്ടതോ ആയവരാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഏഴ് ബില്യണ്‍ മനുഷ്യര്‍ പൗരാവകാശങ്ങള്‍ അനുഭവിക്കുന്നവരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മന്‍ ദുരിതാശ്വാസ സംഘടനയായ ബ്രോട്ട് ഫര്‍ ഡൈ വെല്‍റ്റ് പുറത്തുവിട്ട അറ്റ്‌ലസ് ഓഫ് സിവില്‍ സൊസൈറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ലോകമെമ്പാടുമുള്ള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ സിവിക്കസ് നെറ്റ്‌വര്‍ക്ക് ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനമായും 197 രാജ്യങ്ങളില്‍ 115 രാഷ്ട്രങ്ങളിലും പൗരന്മാര്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉക്രൈന്‍, ഹംഗറി, യു.കെ, ഗ്രീസ് എന്നീ രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. അള്‍ജീരിയ, മെക്‌സിക്കോ, തുര്‍ക്കി എന്നിവയടക്കമുള്ള 51 രാജ്യങ്ങളില്‍ സിവില്‍ സമൂഹത്തെ അടിച്ചമര്‍ത്തപ്പെട്ടവരായാണ് കാണുന്നത്.

ഈ രാജ്യങ്ങളില്‍ വിമര്‍ശകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും സെന്‍സര്‍ഷിപ്പിന്റെ അതിപ്രസരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകജനസംഖ്യയുടെ 3.5 ശതമാനം അതായത് 40 രാജ്യങ്ങള്‍ മാത്രമാണ് എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഓസ്ട്രിയ, എസ്റ്റോണിയ, ന്യൂസിലാന്‍ഡ്, ജമൈക്ക തുടങ്ങിയ രാജ്യങ്ങളിലെ 284 ദശലക്ഷം ആളുകള്‍ക്ക് മാത്രമേ പൗരാവകാശങ്ങളിലൂടെ സംരക്ഷണം ലഭിക്കുന്നുള്ളു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ജര്‍മനി, സ്ലൊവാക്യ, അര്‍ജന്റീന, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ പൗരാവകാശങ്ങളെ വേര്‍തിരിക്കുന്ന രണ്ടാമത്തെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. ലോകജനസംഖ്യയുടെ 11.1 ശതമാനം വരുന്ന 42 രാജ്യങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനുപുറമെ ലോകത്ത് ജനാധിപത്യവും മനുഷ്യാവകാശങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റഷ്യ അടക്കമുള്ള 28 രാജ്യങ്ങള്‍ അടഞ്ഞുകിടക്കുകയാണെന്നും ഈ രാജ്യങ്ങളില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ജമൈക്ക, ജപ്പാന്‍, സ്ലൊവേനിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ബോട്‌സ്വാന, ഫിജി, ലൈബീരിയ, പോളണ്ട്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ അവരുടെ അഭിപ്രായ സ്വാതന്ത്ര്യ റേറ്റിങ്ങുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Nearly 7 billion people worldwide lack full civil rights

We use cookies to give you the best possible experience. Learn more