ജയ്പൂര്‍: രാജസ്ഥാനില്‍ എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടികയും തമ്മില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ പൊരുത്തക്കേടുണ്ടെന്ന്
പൗരാവകാശ പ്രവര്‍ത്തകനും മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍ (എം.കെ.എസ്.എസ്) സ്ഥാപകനുമായ നിഖില്‍ ഡേ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 30 ലക്ഷത്തോളം വോട്ടര്‍മാര്‍ എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
2026 ഫെബ്രുവരിയിലാണ് രാജസ്ഥാനിലെ എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ ‘എസ്.ഐ.ആര്‍’ പട്ടിക പ്രകാരം, രാജസ്ഥാനിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 5.47 കോടിയില്‍ നിന്ന് 5.15 കോടിയായി കുറഞ്ഞു. 44.28 ലക്ഷം പേരുകള്‍ നീക്കം ചെയ്യുകയും 12.91 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയുമാണ് എസ്.ഐ.ആറില്‍ ചെയ്തത്.
ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 17 വരെ നാല് ഘട്ടങ്ങളിലായാണ് രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പ്. ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നവംബര്‍ 20-ന് പ്രഖ്യാപിക്കും. 41 ജില്ലാ പരിഷത്തുകള്‍, 457 പഞ്ചായത്ത് സമിതികള്‍, 14,403 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ എസ്.ഐ.ആര്‍ പട്ടികയും, നഗര-ഗ്രാമ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ക്കായി രാജസ്ഥാന്‍ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ (എസ്.ഇ.സി) സൂക്ഷിക്കുന്ന വോട്ടര്‍ പട്ടികകളും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി നിഖില്‍ ഡേ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
199 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടികകളില്‍ ഏകദേശം 5.45 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയിലുള്ളതിനേക്കാള്‍ 30 ലക്ഷത്തോളം വോട്ടര്‍മാര്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നതായി നിഖില്‍ ഡേ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നതിനാല്‍, ‘എസ്.ഐ.ആര്‍’ നടപടികള്‍ക്ക് മുമ്പുള്ള വോട്ടര്‍ പട്ടികയാണ് തങ്ങള്‍ ഉപയോഗിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കായി, വാര്‍ഷിക ‘സ്‌പെഷ്യല്‍ സമ്മറി റിവിഷനിലൂടെ’ (എസ്.എസ്.ആര്‍) പുതുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി രാജേഷ് വര്‍മ്മ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പഴയ പട്ടികയാണ് (എസ്.ഐ.ആര്‍ നടപടികള്‍ക്ക് മുമ്പുള്ളത്) ഉപയോഗിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവീന്‍ മഹാജനും പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ ‘എസ്.ഐ.ആര്‍’ (ടകഞ) പട്ടികയെക്കുറിച്ച് രാജസ്ഥാനില്‍ ആരും പരാതികളോ എതിര്‍പ്പുകളോ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വോട്ടര്‍ പട്ടികകള്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും, അതിനാല്‍ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന് അന്തിമ ‘എസ്.ഐ.ആര്‍’ പട്ടിക സ്വീകരിക്കാമായിരുന്നു എന്നും നിഖില്‍ ഡേ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ പട്ടികയെക്കാള്‍ കൃത്യമായത് തങ്ങളുടെ പഴയ പട്ടികയാണെന്ന് സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്‍ കരുതുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് ഒരു വോട്ടര്‍ പട്ടികയില്‍ ഒരാളെ മരിച്ചതായി രേഖപ്പെടുത്തുകയും, അതേസമയം മറ്റൊരു പട്ടികയില്‍ അവരുടെ പേര് നിലനിര്‍ത്തുകയും ചെയ്യാന്‍ കഴിയുക എന്നും അദ്ദേഹം ആരാഞ്ഞു.
എസ്.ഐ.ആര്‍ നടപടിക്കിടയില്‍ നീക്കം ചെയ്യപ്പെട്ട 26.63 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍, എസ്.ഇ.സിയുടെ 2026-ലെ നഗര, പഞ്ചായത്ത് വോട്ടര്‍ പട്ടികകളില്‍ ഇപ്പോഴും ഉള്‍പ്പെട്ടിരിക്കുന്നതായി ഡേ നടത്തിയ താരതമ്യ വിശകലനത്തില്‍ കണ്ടെത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Nearly 30 lakh voters missing from Rajasthan’s final SIR rolls but remain on local poll lists