ടെല്‍ അവീവ്: അന്താരാഷ്ട്ര തലത്തിലുള്ള വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രഈല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ പത്തിന് ശേഷം മാത്രം ഇസ്രഈല്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസയില്‍ നടത്തിയത് 194 നിയമലംഘനങ്ങളാണെന്ന് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
യെല്ലോ ലൈന്‍ എന്നറിയപ്പെടുന്ന രേഖയ്ക്കപ്പുറം കടന്നുകയറ്റവും സഹായം തടയലും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ഇസ്രഈല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
വെടിവെപ്പ്, ഡ്രോണ്‍ ആക്രമണം, ഷെല്ലാക്രമണം, സൈനിക കടന്നുകയറ്റം എന്നിവയ്ക്ക് പുറമെ മെഡിക്കല്‍ സപ്ലൈസ്, മരുന്നുകള്‍, ടെന്റുകള്‍, മൊബൈല്‍ ഹോമുകള്‍ എന്നിവയുടെ തടയലും നിയമലംഘനങ്ങളില്‍പ്പെടുന്നുവെന്ന് ഗവണ്‍മെന്റ് ഓഫീസ് ഡയറക്ടര്‍ ഇസ്മായില്‍ അല്‍-തവാബ്‌തെ പറഞ്ഞതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു.
യെല്ലോ ലൈന്‍ ലംഘിച്ച് ഇസ്രഈല്‍ ജനവാസ കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ കടന്നുകയറ്റവും വ്യോമാക്രമണവും കെട്ടിടം പൊളിക്കലുകളും നടത്തുകയാണ്.
ഇത് സാധാരണക്കാരുടെ മരണത്തിനും പരിക്കേല്‍ക്കുന്നതിനും കാരണമാകുന്നുണ്ടെന്നും തവാബ്‌തെ വിശദീകരിച്ചു.
മുന്നറിയിപ്പില്ലാതെ ഇസ്രഈല്‍ നടപടി സ്വീകരിക്കുമെന്നതിനാല്‍, യെല്ലോ ലൈനിന് സമീപത്തേക്ക് ഫലസ്തീനികള്‍ സഞ്ചരിക്കരുതെന്ന് തവാബ്‌തെ മുന്നറിയിപ്പ് നല്‍കി.
ഈ പ്രദേശത്ത് വെച്ച് സാധാരണക്കാരെ ഇസ്രഈല്‍ സേന മുമ്പ് കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിങ്കളാഴ്ച വൈകുന്നേരം പുറത്തെത്തിയ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇസ്രായേല്‍ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വ്യോമാക്രമണം നടത്തിയെന്നാണ് വിവരം.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യവുംനടത്തിയ ആക്രമണങ്ങളില്‍ ഒരു കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനുശേഷം മാത്രം ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 236 ആയി ഉയര്‍ന്നു.
ഒക്ടോബര്‍ 10ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രഈല്‍ സേന പിന്മാറിയ മേഖലയാണ് യെല്ലോ ലൈന്‍ എന്നറിയപ്പെടുന്നത്. ഗസയിലൂടെ കടന്നുപോകുന്ന അദൃശ്യരേഖയാണിത്.
ഇത് ഗസ നഗരത്തിന് തെക്കും ഖാന്‍ യൂനിസിന് വടക്കും പ്രദേശത്തെ പകുതിയായി വിഭജിക്കുന്നു.
Content Highlight: Nearly 200 ceasefire violations since October 10 alone; Israel continues attacks on Gaza