ജെറുസലേം: വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ രണ്ട് ലക്ഷത്തോളം ഫലസ്തീനികള്‍ ഗസയുടെ വടക്ക് ഭാഗത്ത് തിരിച്ചെത്തിയതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി. ഗസയില്‍ പ്രവര്‍ത്തിക്കുന്ന രക്ഷാ സേനയുടെ വക്താവ് മഹ്‌മൂദ് ബാസ്സാലാണ് ഇക്കാര്യമറിയിച്ചത്.
വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം പതിനായിരക്കണക്കിന് ഫലസ്തീനികള്‍ വടക്കന്‍ ഗസയിലേക്ക് തിരിച്ചെത്തിയിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും തിരികെ എത്തിയ ആളുകള്‍ക്ക് താമസിക്കാന്‍ ഒരിടവുമില്ലാത്ത അവസ്ഥയാണ്. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഗസയുടെ ഭൂരിഭാഗവും തകര്‍ന്ന സ്ഥിതിയിലാണ്. തങ്ങള്‍ക്ക് എല്ലാം നഷ്ടമായെന്നും വെടിനിര്‍ത്തലില്‍ സന്തോഷിക്കുന്നില്ലെന്നും മധ്യ ഗസയിലെ ദെയ്ര്‍ അല്‍ ബലയില്‍ അഭയം പ്രാപിച്ച അഞ്ച് കുട്ടികളുടെ അമ്മയായ ബല്‍ഖീസ് റോയിട്ടേഴ്സിനോട് പറഞ്ഞു.
‘എനിക്ക് വീടില്ല, അവര്‍ എല്ലാം നശിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചു, ഗസ തകര്‍ന്നു, അവര്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടാക്കിയതില്‍ ഞാന്‍ സന്തോഷവാനായിരിക്കണമോ? ഇല്ല, ഒരിക്കലും എനിക്ക് സന്തോഷിക്കാന്‍ കഴിയില്ല.
‘തീര്‍ച്ചയായും, വീടുകളൊന്നുമില്ല അവ നശിപ്പിക്കപ്പെട്ടു, പക്ഷേ അവശിഷ്ടങ്ങള്‍ക്കിടയില്‍ പോലും ഞങ്ങളുടെ വീടുകള്‍ ഉണ്ടായിരുന്നിടത്തേക്ക് മടങ്ങാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ മധ്യ ഗസയില്‍ ഒരു താത്ക്കാലിക ക്യാമ്പില്‍ നില്‍ക്കുമ്പോള്‍ 40 കാരനായ മഹ്ദി സഖ്ല പറഞ്ഞു.
ഇസ്രഈലിന്റെ ആക്രമണത്തില്‍ 67,000ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ഗാസയുടെ ഭൂരിഭാഗവും തകര്‍ക്കുകയും ഒരു മാനുഷിക ദുരന്തത്തിന് കാരണമാവുകയും ചെയ്തു. മരിച്ചവരില്‍ 18460ഓളം കുട്ടികളാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രഈലും ഫലസ്തീവും ഈജിപ്തില്‍ ചേര്‍ന്ന ചര്‍ച്ചക്കൊടുവിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സമാധാന കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് നിലവിലെ വെടിനിര്‍ത്തല്‍.