ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. രണ്ട് റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മഴ കാരണം തടസപ്പെട്ട മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡിലൂടെയാണ് ദിനേശ് കാര്‍ത്തിക്കും സംഘവും വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് ഓവറില്‍ നാല് വിക്കറ്റിന് 86 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒരു വിക്കറ്റിന് 41 റണ്‍സ് എന്ന നിലയില്‍ മികച്ച രീതിയില്‍ മുന്നേറവെ മഴയെത്തി. അതോടെ കളി തടസപ്പെട്ടു.
അപ്പോള്‍ പാകിസ്ഥാന് ജയിക്കാന്‍ ശേഷിക്കുന്ന 18 പന്തില്‍ 46 റണ്‍സ് കൂടി മതിയായിരുന്നു. എന്നാല്‍ ഡി.എല്‍.എസ് പ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് മുന്നിലായിരുന്നു. അതോടെ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി റോബിന്‍ ഉത്തപ്പയും ഭരത് ചിപ്ലിയും മികച്ച ബാറ്റിങ് നടത്തി. ഉത്തപ്പ 11 പന്തില്‍ 28 റണ്‍സും ചിപ്ലി 13 പന്തില്‍ 24 റണ്‍സും നേടി. ഒപ്പം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ആറ് പന്തില്‍ 17 റണ്‍സും സ്വന്തമാക്കി.
പാകിസ്ഥാനായി മുഹമ്മദ് ഷെഹ്സാദ് രണ്ട് വിക്കറ്റുകള്‍ നേടി. അബ്ദുല്‍ സമദ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഖ്വാജ നഫേ ഒമ്പത് പന്തില്‍ പുറത്താവാതെ 18 റണ്‍സെടുത്തു. അബ്ദുള്‍ സമദ് ആറ് പന്തില്‍ 16 റണ്‍സുമായി പുറത്താവാതെ നിന്നു.
മാസ് സദാഖ്ത് മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി സ്റ്റുവര്‍ട്ട് ബിന്നിയാണ് വിക്കറ്റ് പിഴുതത്.
Content Highlight: India beat Pakistan in Hong Kong Sixes by two runs