| Saturday, 31st May 2025, 1:45 pm

നിലമ്പൂരില്‍ മത്സരിക്കാന്‍ എന്‍.ഡി.എ; ബി.ഡി.ജെ.എസിനെ മത്സരിപ്പിക്കാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരിച്ചില്ലെങ്കില്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് മത്സരിക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.

മണ്ഡലത്തില്‍ ബി.ജെ.പി മത്സരിക്കില്ലെന്നും ബി.ഡി.ജെ.എസിനെ മത്സരിപ്പിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം. മത്സരിക്കണമെന്ന ഘടക കക്ഷികളുടെ നിലപാടും മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്താണ് നേതാക്കളുടെ തീരുമാനം.

അത്രമേല്‍ വിജയപ്രതീക്ഷ ഇല്ലാത്ത നിലമ്പൂര്‍ പോലൊരു മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്ന് നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് മത്സരിക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ആര്യാടന്‍ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്നലെയാണ് എല്‍.ഡി.എഫ് സി.പി.ഐ.എം നേതാവ് എം.സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ആകെ മാറുകയാണുണ്ടായത്.

നിലവില്‍ ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എം. സ്വരാജ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Content Highlight: NDA to contest in Nilambur; BDJS likely to contest

We use cookies to give you the best possible experience. Learn more