ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച് എന്‍.ഡി.എ എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ്. മുംബൈ ഗസ്റ്റ് ഹൗസിലെ കാന്റീന്‍ ജീവനക്കാരനെയാണ് ശിവസേന എം.എല്‍.എയായ സഞ്ജയ് മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചോടെ സംഭവം വിവാദത്തിന് തിരികൊളുത്തി.
പഴകിയ ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ചാണ് ജീവനക്കാരനെ എം.എല്‍.എ മര്‍ദിച്ചത്. യുവാവിന്റെ മുഖത്ത് അടിക്കുന്നതായും മൂക്കിന് ഇടിക്കുന്നതായും എം.എല്‍.എയുടെ ഒപ്പമുള്ളവര്‍ ഭീഷണി മുഴക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ പ്രതികരിച്ച് ഉദ്ധവ് താക്കറെ വിഭാഗം (യു.ബി.ടി) എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. നിസഹായനായ ഒരു വ്യക്തിയെയാണ് എം.എല്‍.എ ആക്രമിച്ചതെന്നും എന്നാല്‍ സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലെന്നും എം.എല്‍.എ സഞ്ജയ്ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നില്ലെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
എന്നാല്‍ യുവാവിനെ മര്‍ദിച്ചതില്‍ തനിക്ക് ഖേദമില്ലെന്നും ജനാധിപത്യ ഭാഷ മനസിലാക്കുന്നതില്‍ ആരെങ്കിലും പരാജയപ്പെട്ടാല്‍ താന്‍ ഇത് ഇനിയും ആവര്‍ത്തിക്കുമെന്നുമാണ് സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തുന്ന കാന്റീനിലേക്കാണ് താന്‍ പോയത്. സര്‍ക്കാരിന്റെ കാന്റീനായതിനാല്‍ തന്നെ ഗുണനിലവാരമുള്ള ഭക്ഷണമായിരിക്കണം അവിടെ വിളമ്പേണ്ടതെന്നും എന്‍.ഡി.എ എം.എല്‍.എ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
കാന്റീനിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് അധികാരികള്‍ക്ക് ഒന്നിലധികം തവണ പരാതി നല്‍കിയിരുന്നെന്നും ഇനിയും പരാതിപ്പെടുമെന്നും എം.എല്‍.എ പറയുന്നു.
ഇതാദ്യമായല്ല ശിവസേന എം.എല്‍.എ വിവാദത്തിലാകുന്നത്. 2024ല്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിലും സഞ്ജയ് വിമര്‍ശനം നേരിട്ടിരുന്നു.
സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പരാമര്‍ശത്തിന് എതിരേയായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. പിന്നാലെ സഞ്ജയ് ഗെയ്ക്വാദ് ഈ സമൂഹത്തില്‍ തന്നെ ജീവിക്കാന്‍ അര്‍ഹനല്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പ്രതികരിച്ചിരുന്നു.
അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഗെയ്ക്വാദിനെതിരെ നരഹത്യക്കുറ്റം ചുമത്തുമോയെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: NDA MLA beats up canteen employee in Mumbai