| Monday, 9th June 2025, 3:04 pm

എന്‍.ഡി.എ സര്‍ക്കാര്‍ 11 വര്‍ഷം കൊണ്ട് ഭരണഘടനയുടെ ഓരോ പേജിലും സ്വേച്ഛാധിപത്യത്തിന്റെ മഷി പുരട്ടി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 11 വര്‍ഷം ഇന്ത്യയുടെ സുവര്‍ണകാലഘട്ടമായിരുന്നുവെന്ന് ബി.ജെ.പി വാദത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 11 വര്‍ഷമായി എന്‍.ഡി.എ ഇന്ത്യയുടെ ജനാധിപത്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹിക ഐക്യത്തിനും ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

ബി.ജെ.പി ഭരണകൂടം ഭരണഘടനയുടെ ഓരോ പേജിലും സ്വേച്ഛാധിപത്യത്തിന്റെ മഷി പുരട്ടിയിരിക്കുകയാണെന്നും ജനാധിപത്യം ക്രമാനുഗതമായി ഇല്ലാതാക്കപ്പെട്ടുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുകയും അവയുടെ സ്വയം ഭരണാവകാശത്തെ ആക്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനാഭിപ്രായത്തിനെതിരെയും സര്‍ക്കാരുകളെ പിന്‍വാതിലുകളിലൂടെ അട്ടിമറിക്കുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുകയുണ്ടായി. ഏകകക്ഷി സ്വേച്ഛാധിപത്യ ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കലും ഇക്കാലയളവില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അവഗണിച്ചുവെന്നും ഫെഡറല്‍ ഘടനയെ ദുര്‍ബലമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍.ഡി.എ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരിന്റെ പ്രകടനത്തില്‍ പൂജ്യം മാര്‍ക്ക് മാത്രമേ അര്‍ഹിക്കുന്നുള്ളൂവെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

തുടര്‍ച്ചയായി പ്രചരണം നടത്തുന്നതിനാല്‍ മാത്രമാണ് പ്രധാനമന്ത്രി മോദി അധികാരത്തില്‍ നില്‍ക്കുന്നതെന്നും നോട്ട് നിരോധനത്തില്‍ ഉള്‍പ്പെടെ ആര്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന വാഗ്ദാനത്തിന് എന്ത് സംഭവിച്ചുവെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞിട്ടും ഇപ്പോള്‍ എന്ത് സംഭവിച്ചുവെന്നും സിദ്ധരാമയ്യ ചോദിച്ചു.

Content Highlight: NDA government has smeared the ink of dictatorship on every page of the Constitution in 11 years: Mallikarjun Kharge

We use cookies to give you the best possible experience. Learn more