| Sunday, 9th November 2025, 3:17 pm

ബീഹാറില്‍ എന്‍.ഡി.എ തോല്‍വി സമ്മതിച്ചു; ഫയലുകള്‍ക്ക് തീപിടിച്ചുവെന്ന് അറിഞ്ഞാല്‍ അതിശയിക്കേണ്ട: പവന്‍ ഖേര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പരാജയം സമ്മതിച്ചതായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. പരാജയം സമ്മതിച്ച പല നേതാക്കളും അവരുടെ ഔദ്യോഗിക വസതികള്‍ ഒഴിയാനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രധാനപ്പെട്ട ഫയലുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതായും പവന്‍ ഖേര പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഖേരയുടെ പരാമര്‍ശം.

വരും ദിവസങ്ങളില്‍ ഔദ്യോഗിക വസതികള്‍ ഒഴിയുന്ന നേതാക്കളുടെ കൈവശമുള്ള ഫയലുകള്‍ക്ക് തീപിടിച്ചുവെന്ന് അറിഞ്ഞാല്‍ അതില്‍ അതിശയിക്കാനില്ലെന്നും പവന്‍ ഖേര പറഞ്ഞു. ബീഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന നവംബര്‍ ആറിന് ജനങ്ങള്‍ പ്രകടിപ്പിച്ച ആവേശം എന്‍.ഡി.എ നേതൃത്വത്തെ ഭയപ്പെടുത്തിയെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ സഖ്യത്തിന് അനുകൂലമായ പൊതുജനങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ കണക്കിലെടുത്താണ് എന്‍.ഡി.എ തോല്‍വി സമ്മതിച്ചിരിക്കുന്നത്. സഹമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ തീരുമാനിച്ചതായാണ് താന്‍ മനസിലാക്കുന്നതെന്നും പവന്‍ ഖേര പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രകടനങ്ങളെ ഖേര വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്തെ യുവാക്കളെ പ്രധാനമന്ത്രി അധിക്ഷേപിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. യുവാക്കളുടെ മനോവീര്യം തകര്‍ക്കുന്ന പരാമര്‍ശങ്ങളില്‍ മോദി മാപ്പ് പറയണമെന്നും ഖേര ആവശ്യപ്പെട്ടു.

ആര്‍.ജെ.ഡി അധികാരത്തിലേറിയാല്‍, അവര്‍ തങ്ങളോട് തലയില്‍ നാടന്‍ തോക്ക് വെച്ച ശേഷം കൈകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഉത്തരവിടുമെന്ന് യുവാക്കള്‍ ഭയപ്പെടുന്നുണ്ടെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ഈ ഭയം മൂലം ബീഹാറിലെ യുവാക്കള്‍ ആര്‍.ജെ.ഡിക്ക് വോട്ട് ചെയ്യുന്നില്ലെന്നും മോദി പറഞ്ഞിരുന്നു. സീതാമര്‍ഹിയിലും ബേട്ടിയയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം.

നവംബര്‍ പതിനൊന്നിന് ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. 14ന് വോട്ടെണ്ണും. ആദ്യഘട്ട വോട്ടെടുപ്പില്‍ 64.66 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് കൂടിയാണിത്. 18 ജില്ലകളിലായി 121 നിയമസഭാ മണ്ഡലങ്ങളില്‍ 3.75 കോടിയിലധികം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.

Content Highlight: NDA admits defeat in Bihar; Don’t be surprised if files catch fire: Pawan Khera

We use cookies to give you the best possible experience. Learn more