| Saturday, 27th April 2019, 7:59 pm

ഷാംപൂവില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ഷാംപൂവില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ലാബ് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിയ്ക്കാനും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ഷാംപൂവില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥമുണ്ടെന്ന് നേരത്തെ രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വിപണിയിലുള്ള ബേബി ഷാംപൂവിന്റെ മുഴുവന്‍ സ്റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു.

കാന്‍സറിന് കാരണമാകുന്ന ഫോര്‍മല്‍ഡീഹൈഡ് എന്ന പദാര്‍ഥമാണ് ബേബി ഷാംപൂവില്‍ കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ബില്‍ഡിംഗ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ഥമാണിത്. 2020 സെപ്തംബര്‍ വരെ കാലാവധിയുള്ള രണ്ട് ബാച്ചുകളില്‍പെട്ട ബേബി ഷാംപൂവാണ് ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയത്. കമ്പനിയുടെ ഹിമാചല്‍ പ്രദേശിലെ പ്ലാന്റിലായിരുന്നു ഇത് ഉത്പാദിപ്പിച്ചത്.

അതേസമയം, ഇടക്കാല പരിശോധനാ ഫലമാണ് പുറത്തുവന്നതെന്നും അത് തങ്ങള്‍ തള്ളിക്കളയുകയാണെന്നുമായിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ നിലപാട്. ജോണ്‍സണ്‍ ബേബി ഷാംപൂവില്‍ ഫോര്‍മല്‍ഡീഹൈഡ് ഉപയോഗിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി ബാലാവകാശ കമ്മീഷനും രംഗത്തെത്തിയത്.

നേരത്തെ ജോണ്‍സന്റെ ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നിര്‍ത്തിവെച്ച ബേബി പൗഡര്‍ ഉത്പാദനം കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് പുനരാരംഭിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വിദേശ ബ്രാന്‍ഡുകളില്‍ ഒന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍.

Latest Stories

We use cookies to give you the best possible experience. Learn more