| Wednesday, 12th January 2022, 9:04 am

ഉത്തര്‍പ്രദേശില്‍ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ബി.ജെ.പിയെ ഞെട്ടിച്ച് എന്‍.സി.പി സമാജ്‌വാദി സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.ജെ.പി ക്യാംപുകളെ വീണ്ടും ഞെട്ടിച്ച് സമാജ്‌വാദി പാര്‍ട്ടി. കഴിഞ്ഞ ദിവസം ബി.ജെ.പി മന്ത്രിയടക്കം സ്ഥാനം രാജിവെച്ച് അഖിലേഷിന്റെ എസ്.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ശരദ് പവാറും എന്‍.സി.പിയും അഖിലേഷിന് കൈകൊടുത്ത വാര്‍ത്തയാണ് ബി.ജെ.പിയില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന എന്‍.സി.പി ഇത്തവണ ചെറുപാര്‍ട്ടികളെ ഒന്നിപ്പിച്ചുള്ള അഖിലേഷിന്റെ മഴവില്‍ മുന്നണിക്കാണ് പിന്തുണയറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന് വിശ്വാസത്തിന്റെ പുറത്താണ് മുതിര്‍ന്ന രാഷ്ട്രീയ ചാണക്യന്റെ ഈ നീക്കം. ബംഗാളിലേതുപൊലെ ലഖ്‌നൗവില്‍ വെച്ച് വാര്‍ത്താ സമ്മേളനം നടത്തിയാണ് പവാര്‍ എസ്.പിക്കും അഖിലേഷിനുമുള്ള പിന്തുണ പ്രഖ്യാപിച്ചത്.

‘ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കും മറ്റ് ചെറുപാര്‍ട്ടികള്‍ക്കുമൊപ്പം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. ആ മാറ്റം ഉണ്ടാവുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുകയാണ്.

In Talks With Congress And Trinamool For Goa Alliance, Says Sharad Pawar

തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ചേരിതിരിവുണ്ടാക്കാമാണ് ഇവിടെ പലരും ശ്രമിക്കുന്നത്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കും,’ പവാര്‍ പറയുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുമായുള്ള സഖ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Nationalist Congress Party - Wikipedia

ഉത്തര്‍പ്രദേശില്‍ കാറ്റ് എസ്.പിക്കും അഖിലേഷിനും അനുകൂലമായാണ് വീശുന്നതെന്നും സ്വാമി പ്രസാദ് മൗര്യയുടെ രാജി ഇതിന്റെ തുടക്കമാണെന്നും പവാര്‍ പറഞ്ഞു. ചുരുങ്ങിയത് 13 എം.എല്‍.എമാരെങ്കിലും എസ്,.പിയിലേക്ക് കൂടുമാറുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പേ ബി.എസ്.പിയില്‍ നിന്നും രാജിവെച്ചായിരുന്നു മൗര്യ ബി.ജെ.പിയിലെത്തിയത്.

മൗര്യക്കൊപ്പം മറ്റ് രണ്ട് എം.എല്‍.എമാരും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷന്‍ ലാല്‍, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജി വെച്ചത്.

പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗം അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേരുന്നതിനിടെയാണ് രാജി എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു രാജി പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ മൗര്യയെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷ് സ്വാമി പ്രസാദ് മൗര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.

ഒ.ബി.സി ദളിത് വിഭാഗങ്ങളും യുവാക്കളും ബി.ജെ.പിയില്‍ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വലിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി വലിയ രീതിയില്‍ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബി.ജെ.പിക്ക് വലിയ ക്ഷീണമായിരിക്കുമെന്നാണ് പ്രതിപക്ഷപാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.

മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇനിയും കൂടുതല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്നും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  NCP to contest UP polls in alliance with Samajwadi Party, announces Sharad Pawar

We use cookies to give you the best possible experience. Learn more