| Saturday, 26th July 2025, 10:30 pm

ഓപ്പറേഷന്‍ സിന്ദൂര്‍ ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍.സി.ഇ.ആര്‍.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂര്‍ ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍.സി.ഇ.ആര്‍.ടി. പ്രത്യേക ഭാഗമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

നിലവില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്കായി മാത്രമാണ് മൊഡ്യൂള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. എന്നാല്‍ പിന്നീട് മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യഭാഗങ്ങളിലും ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇന്ത്യയുടെ പ്രധാന സൈനിക പ്രത്യാക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്വതന്ത്ര കേസ് പഠനമായിട്ടായിക്കും സിലബസില്‍ ഉള്‍പ്പെടുത്തുക.

ഭീകരവാദ ഭീഷണികളോട് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും ദേശീയ സുരക്ഷയില്‍ പ്രതിരോധം, നയതന്ത്രം, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം എന്നിവ എങ്ങനെ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും മനസിലാക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് ഈ മൊഡ്യൂള്‍ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്. ഏപ്രില്‍ 22ലെ പഹല്‍ഗാം ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ അടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തുകയായിരുന്നു. പാക് അധീന കശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകളാണ് ഓപ്പറേഷനിലൂടെ ഇന്ത്യ തകര്‍ത്തത്. ഓപ്പറേഷനില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

ജെയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡര്‍ റൗഫ് അസര്‍ ഉള്‍പ്പെടെയുള്ളവരാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത്. ജെയ്ഷെ മുഹമ്മദിന്റെ രണ്ടാമത്തെ കമാന്റര്‍ മസൂദ് അസറിന്റെ സഹോദരനാണ് റൗഫ് അസര്‍. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ് അസര്‍.

മുമ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡും തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ സേനകളുടെ നടപടികള്‍ക്കുള്ള പിന്തുണയായാണ് ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രസിഡന്റ് മുഫ്തി ഷാമൂണ്‍ ഖാസിമി പറഞ്ഞത്.

വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്തിയെടുക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും ഖാസിമി പ്രതികരിച്ചു. പുതുക്കിയ സിലബസ് രാജ്യത്തിന്റെ സായുധ സേനയുടെ ധൈര്യത്തെയും ത്യാഗങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുമെന്നും അന്ന് മദ്രസ അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

Content Highlight: NCERT to include Operation Sindoor in Higher Secondary Curriculum

We use cookies to give you the best possible experience. Learn more