| Wednesday, 25th February 2026, 7:46 am

എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തക വിവാദം; രാഷ്ട്രീയ അഴിമതികള്‍ പരവതാനിക്കുള്ളില്‍ ഒളിപ്പിക്കുന്നു: കപില്‍ സിബല്‍

നിഷാന. വി.വി

ന്യൂദല്‍ഹി: പരിഷ്‌കരിച്ച എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍.

നീതിന്യായ വ്യവസ്ഥയിലെ അഴിമതിയേയും കേസുകളുടെ ബാഹുല്യത്തെയും കുറിച്ചുള്ള പാഠഭാഗങ്ങളാണ് വിമര്‍ശനത്തിന് ഇടയായത്.

പരിഷ്‌കരിച്ച എന്‍.സി.ഇ.ആര്‍.ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ ‘ ജൂഡീഷ്യറിയിലെ അഴിമതി’ എന്ന പാഠഭാഗം ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു അതിന് പിന്നാലെയാണ് കപില്‍ സിബലിന്റെ വിമര്‍ശനം.

കോടതികളിലെ അഴിമതികളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുമ്പോള്‍ രാഷ്ട്രീയക്കാരും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന വലിയ അഴിമതികളെക്കുറിച്ച് പാഠഭാഗം മൗനം പാലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഭരണകൂടത്തിന്റെയും അന്വേഷണ ഏജന്‍സികളുടെയും അഴിമതികളെ പരവതാനിക്കുള്ളില്‍ ഒളിപ്പിക്കുകയും ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുകയും ചെയ്യുന്നതെന്തിനാണ്,’ കപില്‍ സിബല്‍ ചോദിച്ചു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം.

നീതിന്യായ വ്യവസ്ഥയില്‍ വിവിധ തലങ്ങളില്‍ നടക്കുന്ന അഴിമതി നീതി നടപ്പാക്കുന്നതിനെ തടസപ്പെടുത്തുന്നുവെന്ന് പുസ്തകം പറയുന്നു.

ഇത് സാധാരണക്കാരായ ആളുകള്‍ക്ക് നീതി ലഭിക്കുന്നതിനെ തടസപ്പെടുത്തുന്നുവെന്നും ഏകദേശം 81,000ത്തോളം കേസുകള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും പാഠഭാഗത്തില്‍ പറയുന്നു.

കൂടാതെ ഹൈക്കോടതികളില്‍ 60 ലക്ഷം, ജില്ലാ, കീഴ്‌ക്കോടതികളിലായി 4.7 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നതായും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്.

‘ജുഡീഷ്യറിയുടെ വിവിധ തലങ്ങളില്‍ ആളുകള്‍ക്ക് അഴിമതി അനുഭവപ്പെടുന്നുണ്ട്. ദരിദ്രര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും നീതി ലഭ്യമാക്കുന്നതിനുള്ള പ്രശ്‌നം അഴിമതി കാരണം വഷളാവും. അതിനാല്‍, സാങ്കേതികവിദ്യയുടെ ഉപയോഗം ഉള്‍പ്പെടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വളര്‍ത്തുന്നതിനും സുതാര്യത വര്‍ധിപ്പിക്കുന്നതിനും അഴിമതി എവിടെ ഉണ്ടായാലും അവയ്ക്കെതിരെ വേഗത്തിലും നിര്‍ണായകമായും നടപടിയെടുക്കുന്നതിനും സംസ്ഥാന, കേന്ദ്ര തലങ്ങളില്‍ നിരന്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്,’ അദ്ധ്യായം പറയുന്നു.

ഇതോടൊപ്പം തന്നെ അഴിമതികള്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാം എന്നതിനെകുറിച്ചും പാഠപുസതകം പരാമര്‍ശിക്കുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യറിക്കുമെതിരായ പരാതികള്‍ രേഖപ്പെടുത്താന്‍ കേന്ദ്രീകൃത പൊതു പരാതി പരിഹാര, നിരീക്ഷണ(സി.പി.ജി.ആര്‍.എ.എം.എസ്) സംവിധാനത്തെ ഉപയോഗപ്പെടുത്താമെന്നും സൂചിപ്പിക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സൗജന്യ നിയമ സഹായം ഉറപ്പാക്കുന്ന നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി പോലുള്ള സംവിധാനങ്ങളെക്കുറിച്ചും പുസ്തകത്തില്‍ വിവരങ്ങളുണ്ട്.

ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിര്‍ത്തിന്നതിനെ കുറിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് സംസാരിച്ചതിനെക്കുറിച്ചും അധ്യായത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

എന്നാല്‍ പുസ്തകം തിങ്കളാഴ്ച്ച പുസ്തകം പുറത്തിറങ്ങിയെങ്കിലും വിവാദം കടുത്തതോടെ ചൊവ്വാഴ്ച എന്‍.സി.ഇ.ആര്‍.ടി ഓഫീസില്‍ പോലും ലഭ്യമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: NCERT textbook controversy; Political corruption is being hidden under the carpet: Kabir Sibal

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more