ന്യൂ ദൽഹി: എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം പരിഷ്‌കരിച്ച് നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി). ദൽഹി സുൽത്താനേറ്റിലും മുഗൾ കാലഘട്ടത്തിലും ‘മതപരമായ അസഹിഷ്ണുത’ ഉണ്ടെന്ന് പരിഷ്കരിച്ച പാഠപുസ്തകത്തിൽ പറയുന്നു.
സുൽത്താനേറ്റിനെയും മുഗൾ കാലഘട്ടത്തെയും കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ ‘ബാബറിനെ നഗരത്തിലെ മുഴുവൻ ജനങ്ങളെയും കൂട്ടക്കൊല ചെയ്ത ക്രൂരനും ദയയില്ലാത്ത ഭരണാധികാരി’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ‘ക്രൂരതയും അസഹിഷ്ണുതയും ചേർന്ന ഭരണകാലമായിരുന്നു അക്ബറിന്റേതെന്നും ഔറംഗസീബ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും തകർത്തുവെന്നും’ പുസ്തകത്തിൽ പറയുന്നതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
‘ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള കുറിപ്പ്’ എന്നും ‘ഭൂതകാല സംഭവങ്ങൾക്ക് ഇനിയാരും ഉത്തരവാദികളാവരുത്’ എന്നുമുള്ള മുന്നറിയിപ്പും ഇതിനൊപ്പം എൻ.സി.ഇ.ആർ.ടി ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻ.സി.ആർ.ടി.സി എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പുസ്തകത്തിൽ എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യൻ ബിയോണ്ട് എന്ന ഭാഗത്തിലാണ് പരിഷ്കരിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ഇടയിലുള്ള കാലഘട്ടം മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുണ്ടെങ്കിലും ദൽഹി സുൽത്താനേറ്റ്, മുഗളൻമാർ, മറാത്ത വിഭാഗക്കാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സിലബസ് എട്ടാം ക്ലാസിൽ മാത്രമേ ഉൾപ്പെടുത്തുകയുള്ളു എന്ന് എൻ.സി.ഇ.ആർ.ടിയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് പറയുന്നു.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പുനർരൂപകൽപ്പന ചെയ്യൽ എന്ന അധ്യായത്തിൽ പതിമൂന്നാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെയുള്ള ചരിത്രമാണ് ഉൾക്കൊള്ളുന്നത്. ദൽഹി സുൽത്താനേറ്റിന്റെ ഉയർച്ചയും തകർച്ചയും ചെറുത്തുനിൽപ്പുകളും, സിഖുകാരെക്കുറിച്ചും ഈ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുൽത്താനേറ്റ് കാലഘട്ടത്തെ രാഷ്ട്രീയ അസ്ഥിരതയും സൈനിക നീക്കങ്ങളും ക്ഷേത്രങ്ങളും പഠന കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടതുമായ കാലഘട്ടമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് ഒന്നിലധികം തവണ ഇതിൽ പരാമർശിക്കുന്നുണ്ട്.
Content Highlight: NCERT has revised the eighth grade social studies textbook