| Saturday, 7th November 2026, 9:03 pm

മമിതയക്ക് വിശ്രമിക്കാം, ദി റിയല്‍ ഒ.ജി നസ്രിയ തിരിച്ചെത്തി; സീന്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ നിറഞ്ഞ് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകയായി കരിയര്‍ ആരംഭിക്കുകയും പിന്നീട് 2006ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രിയാണ് നസ്രിയ നസീം. പിന്നീട് പ്രമാണി, ഒരു നാള്‍ വരും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം നായികയായി ശ്രദ്ധിക്കപ്പെടുന്നത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം സിനിമയിലൂടെയാണ്.

നസ്രിയ നസീം. Photo: X.com

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന് പിന്നാലെ നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരായിരുന്നു. തുടര്‍ന്ന് നീണ്ട ഇടവേളയെടുത്ത താരം 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. തന്റെ രണ്ടാം വരവില്‍ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമായിരുന്നു നസ്രിയ വേഷമിട്ടത്.

2020ന് ശേഷം നാല് ചിത്രങ്ങളില്‍ മാത്രമാണ് നസ്രിയ ഭാഗമായിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകാതെ നല്ല തിരക്കഥകള്‍ മാത്രം ചെയ്യുക എന്ന നസ്രിയയുടെ തീരുമാനത്തെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പ്രശംസിക്കുന്നത്. 2020ല്‍ ട്രാന്‍സിലും, മണിയറയിലെ അശോകനിലും പ്രധാനവേഷത്തിലെത്തിയ താരം 2022 ല്‍ ഒരു തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു. താരത്തിന്റെതായി മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സൂക്ഷ്മദര്‍ശിന്.

ഇപ്പോഴിതാ സൂര്യ നായകനായെത്തിയ തമിഴ് ചിത്രം സീനിലൂടെ ഒരു കിടിലന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നസ്രിയ. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ ലഭിച്ചത്. നസ്രിയയുടെ തമിഴിലേക്കുള്ള തിരിച്ചുവരവും ഇതിലൂടെ ഗംഭീരമാക്കുകയായിരുന്നു.

നസ്രിയ നസീം. Photo: X.com

ഇപ്പോഴിതാ നസ്രിയയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സിനിമാ പ്രേമികള്‍. തമിഴില്‍ ഹാട്രിക്ക് വിജയുമായി കത്തിനില്‍ക്കുന്ന മമിതയോട് ഇനി വിശ്രമിച്ചോളാനും ദി റിയല്‍ ഒ.ജി നസ്രിയ തിരിച്ചെത്തിയെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ മായ എന്ന കഥാപാത്രമായി നസ്രിയ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സീനിലെ ആക്ഷന്‍ രംഗങ്ങളടക്കം നസ്രിയ കൈയടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Nazriya’s performance in scene gets good response

Latest Stories

We use cookies to give you the best possible experience. Learn more