| Friday, 9th October 2026, 12:41 pm

സിനിമാലോകത്തെ ഞെട്ടിച്ച് നസ്രിയയുടെ ആക്ഷൻ മോഡ്; 'സീനി'ലെ ഫസ്റ്റ് സിംഗിൾ പുറത്ത്

അനുപമ കെ. സീത

സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജിത്തു മാധവൻ തമിഴിൽ സംവിധാനം ചെയ്യുന്ന ‘സീൻ’. ഇന്നലെയാണ് ചിത്രത്തിന്റെ ആദ്യ ഗാനമായ ‘ആതി ഇവ യാരാ’ എന്ന ലിറിക്കൽ ആൽബം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് നസ്രിയയുടെ ആക്ഷൻ മോഡാണ് ആൽബത്തിലെ രംഗങ്ങളിലൂടെ വ്യക്തമാകുന്നത്.

സുഷിൻ ശ്യാം തമിഴിൽ സംഗീത സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ‘സീനി’നുണ്ട്. സിനിമയിലെ നായകനായ സൂര്യയുടെ സ്റ്റൈലിഷ് ചിത്രങ്ങളും നസ്രിയയുടെ ആക്ഷൻ ചിത്രങ്ങളുമാണ് ഫസ്റ്റ് സിംഗിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

‘സീൻ’ ലിറിക്കൽ ആൽബത്തിലെ രംഗം.Photo.Screen Grab/Youtube.com

പതിവ് രീതിയിലുള്ള സിനിമയിലെ ഇൻട്രോ പാട്ടുകൾക്ക് വിപരീതമായാണ് ഫസ്റ്റ് സിംഗിളിന്റെ ഉള്ളടക്കം. 3 മിനിറ്റുള്ള വീഡിയോയിൽ സൂര്യയെ അവസാനമാണ് ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. പകരം നസ്രിയയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രംഗങ്ങളാണ് ആദ്യ പകുതിയോളം കാണിക്കുന്നത്.

തമിഴ് സിനിമയിൽ സുഷിന്റെ അരങ്ങേറ്റ ചിത്രമാണെങ്കിലും എനെർജിറ്റിക് ആയ അടിപൊളി ബീറ്റുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിങായി കഴിഞ്ഞു. വരികൾ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും രാജ് പ്രിയനാണ്. ഒക്ടോബര് എട്ടിന് പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോ സിനിമ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.

‘രോമാഞ്ചം’,’ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഫസ്റ്റ് സിംഗിൾ കൂടി പുറത്തു വന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. ഇതൊരു ആക്ഷൻ-കോമഡി ചിത്രമായിരിക്കുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.

‘സീൻ’ ലിറിക്കൽ ആൽബത്തിലെ രംഗം.Photo.Screen Grab/Youtube.com

ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സാധാരണ ചെയ്തിട്ടുള്ള പൊലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള സൂര്യയുടെ പൊലീസ് വേഷത്തിലുള്ള പ്രകടനം ആരാധകർക്ക് ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. നസ്രിയയുടെ സിനിമ കരിയറിൽ താരം ഇത് വരെ ആക്ഷൻ മോഡിലുളള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ആരാധകരെ അത്ഭുതപെടുത്താൻ ആദ്യ സിംഗിളിലെ രംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുറെ കാലത്തിനു ശേഷം നസ്രിയ തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യമാണ് നസ്‌ലെൻ. ‘മോളിവുഡ് ടൈംസി’ന് ശേഷം താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രമാണിത്. നസ്‌ലെന്റെ കഥാപാത്രത്തെ പറ്റിയുള്ള കുറച്ച് വിവരങ്ങൾ മാത്രമേ അണിയറപ്രവർത്തകർ ഇത് വരെയും പുറത്ത് വിട്ടിട്ടുള്ളു. വില്ലൻ വേഷമായിരിക്കുമെന്നാണ് സിനിമ പേജുകളിൽ നിന്നുള്ള അഭ്യൂഹം.

Content Highlight: Nazriya’s action mode stuns the film world; first single from ‘Scene’ released

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more