| Tuesday, 9th June 2026, 12:45 pm

ഈ ഗ്രാഫ് താഴെ പോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല; എന്നെകൊണ്ട് ചെയ്യാൻ സാധിക്കില്ല എന്ന് തോന്നുന്ന കഥാപാത്രങ്ങൾ ചെയ്യണം: നസ്‌ലെൻ

നന്ദന എം.സി

മലയാള സിനിമയിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ നടന്മാരിൽ ഒരാളാണ് നസ്‌ലെൻ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നസ്‌ലെൻ, തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക അഭിനയശൈലിയിലൂടെയും സ്വന്തമായൊരു ഇടം സിനിമയിൽ നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് താരം.

നസ്‌ലെൻ, Photo: X.com

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നസ്‌ലെൻ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിലെ മെൽവിൻ എന്ന കഥാപാത്രം വലിയ സ്വീകാര്യത നേടിയിരുന്നു. നായക കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ നസ്‌ലെന് സാധിച്ചു. സംസാരശൈലിയിലൂടെയും പ്രകടനത്തിലൂടെയും മെൽവിൻ ശ്രദ്ധേയമായ കഥാപാത്രമായി മാറിയതോടെ മലയാള സിനിമയിൽ നസ്‌ലെന്റെ യാത്രയ്ക്ക് പുതിയ വഴിത്തിരിവ് ലഭിച്ചു.

തുടർന്ന് നിരവധി സിനിമകളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച താരം യുവതലമുറയുടെ പ്രിയപ്പെട്ട നടനായി മാറി. പ്രേമലു എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെ കേരളത്തിന് പുറത്തും നസ്‌ലെന് വലിയ ആരാധകവൃന്ദം ലഭിച്ചു.

ചിത്രം മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന്റെ ജനപ്രീതി കൂടുതൽ ഉയർന്നു. ഇതിനൊപ്പം സൂര്യ 47 എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.

നസ്‌ലെൻ, Photo: X.com

ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും നസ്‌ലെൻ സംസാരിച്ചത്.

നിലവിൽ എത്തിനിൽക്കുന്ന സ്ഥാനത്ത് നിന്ന് പിന്നോട്ട് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, സാധിക്കുമെങ്കിൽ ഇതിലും ഉയരങ്ങളിലേക്ക് എത്തണമെന്നാണ് തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു.

‘ഈ ഗ്രാഫ് താഴെ പോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിനേക്കാൾ ഒരു പടി മുകളിലോ അല്ലെങ്കിൽ ഇതിൽ ഞാൻ ഹാപ്പിയാണ്. എന്നെ കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് ആളുകൾക്ക് തോന്നുന്ന ക്യാരക്ടേഴ്സ് ചെയ്യണം എന്നുണ്ട്. അതെല്ലാം സംഭവിക്കട്ടെ,’ എന്നാണ് നസ്‌ലെൻ പറഞ്ഞത്.

തനിക്ക് ചെയ്യാൻ കഴിയില്ലെന്ന് പ്രേക്ഷകർ കരുതുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് അവരുടെ പ്രതീക്ഷകളെ മറികടക്കാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി.

Content Highlight: Naslen talks about his film acting

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more