| Thursday, 5th June 2025, 6:58 pm

ആദ്യകാല സ്‌കിറ്റുകളിലെ പെണ്‍വേഷം എന്നെ കൊണ്ട് അഴിപ്പിച്ചത് മമ്മൂക്ക: നസീര്‍ സംക്രാന്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ഏറെ പരിചിതനായ കലാകാരനാണ് നസീര്‍ സംക്രാന്തി. സ്‌കിറ്റുകളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം തട്ടീം മുട്ടീം എന്ന മഴവില്‍ മനോരമയിലെ ജനപ്രിയ പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

മികച്ച ഹാസ്യനടനുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുള്ള നടന്‍ കൂടിയാണ് നസീര്‍. ദി പ്രീസ്റ്റ്, സ്വര്‍ണ്ണ കടുവ, കപ്പേള തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

താന്‍ ആദ്യകാല സ്‌കിറ്റുകളില്‍ പെണ്‍വേഷമായിരുന്നു ചെയ്തിരുന്നതെന്നും പിന്നീട് മമ്മൂട്ടിയാണ് ആ വേഷം തന്നെ കൊണ്ട് അഴിപ്പിച്ചതെന്നും പറയുകയാണ് നസീര്‍. തട്ടീം മുട്ടീമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്നും എവിടെ ചെന്നാലും കമലാസനനല്ലേ എന്ന ചോദ്യം കേള്‍ക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ആദ്യകാല സ്‌കിറ്റുകളില്‍ പെണ്‍വേഷമായിരുന്നു എനിക്ക്. പെണ്‍വേഷത്തിലേക്ക് ആദ്യമായി കോട്ടയം നസീറാണ് ഇട്ടുകൊടുത്തത്. കലാഭവന്‍ ഷാജോണ്‍ അത് കൊത്തിയെടുത്തു. പിന്നെ വര്‍ഷങ്ങളോളം ഞാന്‍ സ്ത്രീ കഥാപാത്രമായി. ആ വേഷം എന്നെ കൊണ്ട് അഴിപ്പിച്ചത് മമ്മൂക്കയാണ്.

പോത്തന്‍വാവ എന്ന സിനിമയുടെ ഷൂട്ട് കൊച്ചിയില്‍ നടക്കുന്ന സമയമായിരുന്നു അത്. ഒരു പ്രോഗ്രാമിനായി ഞങ്ങള്‍ ഷൂട്ട് നടക്കുന്ന ഹോട്ടലില്‍ എത്തി. ഒപ്പമുള്ള കോട്ടയം സോമരാജിനും ഷാജോണിനും മമ്മുക്കയെ നന്നായറിയാം.

അവര്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ ഞാനും കൂടെ ചെന്നു. ഞെട്ടിച്ചു കൊണ്ട് മമ്മൂക്ക എന്നെയും തിരിച്ചറിഞ്ഞു. ‘നിന്റെ പേര് നസീറെന്നല്ലേ. എന്തിനാണ് സ്‌കിറ്റില്‍ പെണ്‍വേഷം മാത്രം കെട്ടുന്നത്? അതുമാത്രം ചെയ്തിട്ട് എന്താണ് കാര്യം? ആരാണ് നിന്നെ കൊണ്ട് ഇത് ചെയ്യിക്കുന്നത്?’ അങ്ങനെ കുറേ ചോദ്യങ്ങളെത്തി.

ഞാന്‍ അടുത്ത് നില്‍ക്കുന്ന ഷാജോണിനെ നോക്കി. ട്രൂപ്പില്‍ നിന്ന് ഒരു നടി പോവുന്ന സങ്കടം അവന്റെ മുഖത്ത് അപ്പോഴേ തെളിഞ്ഞു. മമ്മൂക്കക്ക് കാര്യം മനസിലായി. ‘ഷാജോണൊക്കെ പലതും പറയും. അതുകേട്ട് ഈ വേഷം മാത്രം കളിച്ചിരുന്നാല്‍ അവിടെ നിന്നു പോകും’ എന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ സ്ത്രീ വേഷം അന്ന് നിര്‍ത്തി. പിന്നീട് മഴവില്‍ മനോരമയിലെ തട്ടീം മുട്ടീമാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. കമലാസനന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എവിടെ ചെന്നാലും കമലാസനനല്ലേ എന്നായി ചോദ്യം,’ നസീര്‍ സംക്രാന്തി പറയുന്നു.

Content Highlight: Nazeer Sankranthi Talks About Mammootty

We use cookies to give you the best possible experience. Learn more