| Sunday, 9th August 2026, 11:08 am

റോക്കി ഭായ്… ‘ടോക്സിക്’ വേദിയിൽ യാഷിനെ വാനോളം പുകഴ്ത്തി നയൻതാര

അജ്മല്‍ കെ

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് വേദിയിൽ നടൻ യാഷിനെ വാനോളം പുകഴ്ത്തി ലേഡീ സൂപ്പർസ്റ്റാർ നയൻതാര. യാഷിനെ ‘റോക്കി ഭായ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു നയൻതാരയുടെ വാക്കുകൾ. യാഷിനൊപ്പം പ്രവർത്തിച്ച അനുഭവവും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ കുറിച്ചും താരം പങ്കുവെച്ചു.

സാധാരണയായി സിനിമാ പ്രമോഷൻ പരിപാടികളിൽ അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും എന്നാൽ ‘ടോക്സിക്’ തനിക്ക് പ്രത്യേകതയുള്ള ചിത്രമാണെന്നും നയൻതാര പറഞ്ഞു. അതിന് പ്രധാന കാരണങ്ങളിലൊന്ന് യാഷാണെന്നും താരം വ്യക്തമാക്കി. “യാഷ് എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാൻ വന്നത്” എന്നായിരുന്നു നയൻതാരയുടെ വാക്കുകൾ.

നയൻതാര.Photo: Screengrab/ Youtube

താൻ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും എല്ലാവരും അവരുടേതായ രീതിയിൽ മികച്ചവരാണെന്നും എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് യാഷ് എന്നും നയൻതാര പറഞ്ഞു.

‘ഞാൻ ഒരുപാട് സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും കൂളാണ്, എല്ലാവരും അവരുടേതായ രീതിയിൽ വളരെ മികച്ചവരാണ്. അതുകൊണ്ടാണല്ലോ അവർ സൂപ്പർതാരങ്ങളായത്. എന്നാൽ യാഷിനെ ആദ്യമായി കണ്ടപ്പോൾ, അദ്ദേഹത്തിനുള്ള ആ എനർജി എങ്ങനെയാണോ, അദ്ദേഹം ശെരിക്കും അങ്ങനെ തന്നെയാണ്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ റോക്കി കിങ്ഡത്തിലേക് പ്രവേശിച്ചത് പോലെ ആയിരുന്നു. ട്രെയ്‌ലറിൽ നിങ്ങൾ കാണുന്നതുപോലെ തന്നെയാണ് അദ്ദേഹം യഥാർഥ ജീവിതത്തിലും,’ നയൻതാര പറഞ്ഞു.

യാഷിന് ജോലിയോടുള്ള ആത്മാർത്ഥതയെ കുറിച്ചും നയൻതാര പ്രത്യേകം സംസാരിച്ചു. ഇത്രയധികം കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു നടനെ താൻ കണ്ടിട്ടില്ലെന്നാണ് താരം പറഞ്ഞത്. ‘ടോക്സിക്’ എന്ന ചിത്രത്തിനായി യാഷ് തന്റെ ജീവിതത്തിലെ നാലര വർഷത്തോളം മാറ്റിവെച്ചെന്നും കുടുംബത്തോടൊപ്പമുള്ള സമയവും വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും പോലും അദ്ദേഹം ഒഴിവാക്കി എന്നും നയൻതാര പറഞ്ഞു.

സിനിമയുടെ ഓരോ ഘട്ടത്തിലും യാഷ് നൽകുന്ന ശ്രദ്ധയും നയൻതാര എടുത്തുപറഞ്ഞു. തിരക്കഥയുടെ പുരോഗതി മുതൽ ചിത്രീകരണം വരെയും ഓരോ അഭിനേതാവും സെറ്റിൽ കംഫർട്ടബിളാണോ, എല്ലാവരും മികച്ച പ്രകടനം നൽകുന്നുണ്ടോ എന്നതുവരെയും യാഷ് ശ്രദ്ധിക്കാറുണ്ടെന്നാണ് നയൻതാര പറഞ്ഞത്. അവിശ്വസനീയമായ കഠിനാധ്വാനത്തിലൂടെയാണ് യാഷ് ഇന്ന് നിൽക്കുന്ന സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്ന വാക്കുകളോടെയാണ് നയൻതാര തന്റെ പ്രശംസ അവസാനിപ്പിച്ചത്.

ടോക്സിക്.Photo: IMDb

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമയാണ് ടോക്സിക്. യാഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതൈറ, രുക്മിണി വസന്ത് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ യാഷിന്റെ ലുക്കും ദൃശ്യഭംഗിയും വലിയ ചർച്ചയായിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ എത്തും.

Content Highlight: Nayanthara talks about the film  toxic and Yash

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more