| Sunday, 9th August 2026, 1:11 pm

രാപ്പകൽ മുതൽ ടോക്സിക് വരെ; 20 വർഷത്തിനിപ്പുറം ഗീതുവിന്റെ നായികയായി നയൻതാര

അജ്മല്‍ കെ

20 വർഷം മുമ്പ് ഒരേ സിനിമയിൽ അഭിനേതാക്കളായി എത്തിയവരാണ് ഗീതു മോഹൻദാസും നയൻതാരയും. അതിൽ ഒരാൾ ഇന്ന് സംവിധായികയും മറ്റൊരാൾ തെന്നിത്യൻ സൂപ്പർ താരവുമാണ്. മലയാള സിനിമയിൽ നിന്ന് തുടങ്ങി ഇന്ന് പാൻ ഇന്ത്യൻ തലത്തിലേക്ക് വളർന്ന ഗീതു മോഹൻദാസിന്റെയും നയൻതാരയുടെയും യാത്രയിലെ കൗതുകകരമായ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സികിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

2005ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത ‘രാപ്പകൽ’ എന്ന സിനിമയിലാണ് ഗീതു മോഹൻദാസും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഗീതുമോഹൻദാസ് മാളവികയെയും നയൻതാര ഗൗരി എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

അന്ന് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്ന ഇരുവരും രണ്ട് പതിറ്റാണ്ടിനിപ്പുറം എത്തിനിൽക്കുന്നത് തികച്ചും വ്യത്യസ്തമായ ഇടങ്ങളിലാണ്. ഗീതു ഇന്ന് ഒരു സംവിധായികയായി വലിയ പാൻ ഇന്ത്യൻ ചിത്രം ഒരുക്കുമ്പോൾ, നയൻതാര ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര താരങ്ങളിലൊരാളാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ടോക്സികിൽ പ്രധാന വേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്.

രാപ്പകൽ.Photo: Screengrab/ Youtube

‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിൽ ഗീതുവുമായുള്ള നീണ്ട കാലത്തെ ബന്ധത്തെക്കുറിച്ചും നയൻതാര സംസാരിച്ചു. നയൻതാരയുടെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യ മീഡിയയിൽ വൈറലാണ്. ഗീതുവും താനും ചേർന്ന് നടത്തിയ യാത്ര വളരെ നീണ്ടതും മനോഹരമായിരുന്നുവെന്നാണ് നയൻതാര പറഞ്ഞത്. ഏകദേശം 20 വർഷം മുമ്പ് തങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചിരുന്നുവെന്നും അന്നത്തെ ഗീതുവിൽ നിന്ന് ഇന്ന് കാണുന്ന ഗീതുവിലേക്കുള്ള മാറ്റം തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു.

ടോക്സികിലേക് തന്നെ ഗീതു സമീപിച്ചപ്പോഴുണ്ടായ അനുഭവവും നയൻതാര പങ്കുവെച്ചു. ‘ചിത്രത്തിൽ നിരവധി അഭിനേതാക്കളുള്ളതിനാൽ ആദ്യം സിനിമ ചെയ്യുന്നതിൽ തനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഗീതു കഥ പറഞ്ഞതോടെ ആ ധാരണ മാറി. ‘നമ്മൾ ഇതുവരെ കാണാത്ത ഈ സംവിധായിക ആരാണ്’ എന്ന തരത്തിൽ ഗീതുവിന്റെ കഥ പറച്ചിൽ തന്നെ അത്ഭുതപ്പെടുത്തിയെന്നും,’ നയൻതാര പറഞ്ഞു.

രാപ്പകൽ സിനിമയിലെ സഹതാരങ്ങളിൽ നിന്ന് ടോക്സികിലെ സംവിധായികയും നായികയും വരെയുള്ള ഇരുവരുടെയും യാത്ര വെറും ഒരു സിനിമാ റീയൂണിയൻ മാത്രമല്ല. രണ്ട് പതിറ്റാണ്ടിനിടെ മലയാള സിനിമയിൽ നിന്ന് ഇന്ത്യൻ സിനിമയുടെ വലിയ ഉയർച്ചയിലെക്ക് വളർന്ന രണ്ട് കലാകാരികളുടെ യാത്ര കൂടിയാണ്. ഒരിക്കൽ ഒരേ ഫ്രെയിമിൽ അഭിനേതാക്കളായി നിന്ന ഗീതുവും നയൻതാരയും ഇന്ന് ‘ടോക്സിക്’ എന്ന വലിയ പാൻ ഇന്ത്യൻ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുമ്പോൾ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

രാപ്പകൽ.Photo.Screengrab/Youtube

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സിനിമയാണ് ടോക്സിക്. യാഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതൈറ, രുക്മിണി വസന്ത് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ യാഷിന്റെ ലുക്കും ദൃശ്യഭംഗിയും വലിയ ചർച്ചയായിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ എത്തും.

Conten Highlight: Nayanthara shares her experience of working with Geetu Mohandas in Raapakal

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more