ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2 – മഹാശക്തിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ചെന്നൈയിൽ നടന്ന സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്കും ഇന്ന് രാവിലെ ആറിന് ആരംഭിച്ച ആദ്യദിന പ്രദർശനങ്ങൾക്കും പിന്നാലെയാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ പുറത്തുവരുന്നത്. മികച്ച പ്രതികരണങ്ങൾക്കൊപ്പം വിവിധ കേന്ദ്രങ്ങളിൽ ചിത്രത്തിന് മികച്ച ബുക്കിങ്ങും ലഭിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. നയൻതാരയുടെ പ്രകടനത്തിനാണ് പ്രേക്ഷകരിൽ നിന്ന് പ്രധാനമായും കൈയടി ലഭിക്കുന്നത്. അമ്മൻ വേഷത്തിലെ താരത്തിന്റെ പ്രകടനവും ദൈവിക ശക്തികൾ അവതരിപ്പിക്കുന്ന രംഗങ്ങളും ശ്രദ്ധേയമാണെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണങ്ങൾ. ചിത്രത്തിന്റെ ആദ്യ പകുതിയും അമ്മന്റെ ആമുഖ രംഗങ്ങളും ഇടവേളയിലെ രംഗങ്ങളും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്.
മൂക്കുത്തി അമ്മൻ 2. Photo. IMDb
റെജീന കാസാൻഡ്രയുടെ വില്ലൻ വേഷത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി റെജീനയുടെ പ്രകടനത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നു. ഹിപ്പ് ഹോപ്പ് തമിഴയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ദൃശ്യങ്ങളും ആക്ഷൻ രംഗങ്ങളും പ്രേക്ഷക പ്രതികരണങ്ങളിൽ ഇടംപിടിക്കുന്നുണ്ട്.
സുന്ദർ സി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഭക്തിയും ഫാന്റസിയും ആക്ഷനും ചേർത്തൊരുക്കിയ ബിഗ് സ്‌ക്രീൻ എന്റർടെയ്നറാണ്. ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അമ്മൻ തന്നെ വലിയൊരു പ്രതിസന്ധിയെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടായിരം വർഷം പഴക്കമുള്ള ഒരു ദുഷ്ടശക്തിയുമായുള്ള പോരാട്ടവും ചിത്രത്തിന്റെ കഥയുടെ ഭാഗമാണ്.
വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നയൻതാരയ്ക്കൊപ്പം ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹിപ്പ് ഹോപ്പ് തമിഴയാണ് സംഗീത സംവിധാനം. ഭാവന റിലീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
Content Highlight: Nayanthara’s film ‘Mookuthi Amman 2 – Mahashakti’, which hit theaters as a Diwali release, has received an excellent response from the audience