റിലീസിന് മുമ്പ് ലഭിച്ച ഹൈപ്പിനോട് നീതി പുലര്‍ത്തിയില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ട ചിത്രമായിരുന്നു പേട്രിയറ്റ്. മോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ പേട്രിയറ്റ് ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.
സീ ഫൈവിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പല സീനുകളും ട്രോള്‍ പേജുകളില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സീനില്‍ പോലും യാതൊരു ഇംപാക്ടുമുണ്ടാക്കാതെ പോയതും തിരിച്ചടിയായി മാറി. അത്തരത്തിലൊരു സീനാണ് ചിത്രത്തിലെ നായികയായ നയന്‍താരയുടെ കഥാപാത്രം.
മമ്മൂട്ടി അവതരിപ്പിച്ച ഡാനിയല്‍ ജെയിംസിന്റെ ഭാര്യയാണ് നയന്‍താര അവതരിപ്പിച്ച ലതിക. രണ്ടാം പകുതിയില്‍ ഡാനിയല്‍ ജെയിംസ് ആശുപത്രിയിലാകുന്ന സമയത്താണ് ലതികയെ ആദ്യമായി കാണിക്കുന്നത്. ആശുപത്രിയിലുള്ളത് യഥാര്‍ത്ഥ ഡാനിയലല്ലെന്ന് സെറിന്‍ ഷിഹാബ് അവതരിപ്പിച്ച ആയിഷ ഇഖ്ബാല്‍ എന്ന കഥാപാത്രം വാദിക്കുന്നുണ്ട്. എന്നാല്‍ ആ സമയത്ത് ആയിഷയുമായി ലതിക സംസാരിക്കുന്നുണ്ട്.
ആയിഷയെ കാറില്‍ കയറ്റിയ ശേഷം ആശുപത്രിയിലുള്ളത് ഡാനിയലല്ലെന്നും അയാള്‍ മറ്റൊരിടത്ത് സേഫാണെന്നും ലതിക ആയിഷയോട് പറയുകയാണ്. എങ്ങനെ ഇത് അറിയാമെന്ന് ആയിഷ ചോദിക്കുമ്പോള്‍ ‘അത് ഇപ്പോള്‍ പറയാന്‍ പറ്റില്ല’ എന്നാണ് ലതികയുടെ മറുപടി. ഈ ഡയലോഗ് ട്രോളന്മാര്‍ ഒരിക്കലും മറക്കാനിടയില്ല.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ദേവന്റെ ക്ലാസിക് ഡയലോഗാണിത്. ഗോവ എന്ന ചിത്രത്തില്‍ ദേവന്‍ അവതരിപ്പിച്ച സാം അലക്‌സ് എന്ന കഥാപാത്രം വളരെ സീരിയസായിട്ടുള്ള സീനില്‍ ഇങ്ങനെയൊരു ഡയലോഗ് പറയുന്നുണ്ട്. ‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. പക്ഷേ അതിപ്പോള്‍ പറയാന്‍ പറ്റില്ല’ എന്ന ഡയലോഗ് ട്രോള്‍ മെറ്റീരിയലായി മാറി.
‘ദേവ്ജിക്കുള്ള ട്രിബ്യൂട്ടാണെന്ന് തോന്നുന്നു ഈ ഡയലോഗ്, ‘തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ തന്നെ ഈ ഡയലോഗ് കത്തിയായിരുന്നു’ എന്നിങ്ങനെയാണ് ഈ ഡയലോഗിന് ലഭിക്കുന്ന കമന്റുകള്‍. പേട്രിയറ്റ് പോലെ വളരെ സീരിയസായ സബ്ജക്ട് സംസാരിക്കുന്ന ചിത്രത്തില്‍ ഇങ്ങനെ അമച്വറായിട്ടുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയത് സംവിധായകന്റെ പരാജയമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Nayanthara’s dialogue in Patriot movie getting trolls
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ