| Thursday, 11th June 2026, 3:33 pm

എന്റെ സിനിമയിലെ ഡയലോഗുകൾ ഫ്രണ്ട്സ് പറയുമായിരുന്നു; അത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നും: നയൻതാര ചക്രവർത്തി

നന്ദന എം.സി

മലയാള സിനിമയിൽ ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് നയൻതാര ചക്രവർത്തി. ചെറുപ്പം മുതൽ തന്നെ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം, തന്റെ സിനിമാജീവിതത്തിലെ ഓർമകളും സിനിമയോടുള്ള ഇഷ്ടവും കുടുംബത്തിലെ സിനിമാ ചർച്ചകളെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ്.

ബാലതാരമായി അഭിനയിച്ച കാലത്ത് ലഭിച്ച സ്നേഹവും അംഗീകാരവും ഇന്നും സന്തോഷം നൽകുന്നുവെന്നാണ് നയൻതാര പറയുന്നത്. താൻ അഭിനയിച്ച സിനിമകളിലെ രംഗങ്ങളും ഡയലോഗുകളും സുഹൃത്തുക്കൾ ആവർത്തിച്ച് പറയാറുണ്ടായിരുന്നുവെന്നും അത് കേൾക്കുമ്പോൾ പ്രത്യേകമായ സന്തോഷം തോന്നാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

നയൻതാര ചക്രവർത്തി, Photo: X.com

‘ചില സിനിമകളിലെ സീനുകളും ഡയലോഗുകളും വരെ ഫ്രണ്ട്സ് പറയാറുണ്ടായിരുന്നു. അതെല്ലാം കേൾക്കുമ്പോൾ മനസിൽ ഒരു സന്തോഷം തോന്നിയിട്ടുണ്ട്. പ്രേക്ഷകർ ആ കഥാപാത്രങ്ങളെയും സിനിമകളെയും ഓർക്കുന്നു എന്നത് ഒരു അഭിനേത്രി എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണ്,’ എന്നാണ് നയൻതാരയുടെ വാക്കുകൾ.

കുടുംബത്തിനുള്ളിലും സിനിമയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണെന്ന് താരം വ്യക്തമാക്കി. പ്രത്യേകിച്ച് സഹോദരൻ അയാൻ സിനിമകളെ വളരെ ശ്രദ്ധയോടെ കാണുകയും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്യാറുണ്ടെന്ന് നയൻതാര പറഞ്ഞു. ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെടാതിരുന്നാലും അതിന്റെ കാരണങ്ങൾ വ്യക്തമായി പറയുന്ന സ്വഭാവമാണ് അയാന്റെതെന്നും താരം കൂട്ടിച്ചേർത്തു.

നയൻതാര ചക്രവർത്തി, Photo: X.com

അടുത്തിടെ കണ്ട ചിത്രങ്ങളിൽ ‘പുഷ്പ’ സഹോദരന് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും അതിനെക്കുറിച്ച് ഇരുവരും തമ്മിൽ നിരവധി ചർച്ചകൾ നടന്നിട്ടുണ്ടെന്നും നയൻതാര പറഞ്ഞു. ‘ഏത് സിനിമ കണ്ടാലും അയാൻ അതിന്റെ അഭിപ്രായങ്ങൾ തുറന്നുപറയും. ‘പുഷ്പ’ സിനിമ അവന് വളരെ ഇഷ്ടമായിരുന്നു. അതിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ചിലപ്പോൾ എന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചും ചിലപ്പോൾ എതിർത്തും അവൻ പ്രതികരിക്കും. ‘പുഷ്പ’ കണ്ടതിന് ശേഷം അവൻ അല്ലു അർജുന്റെ വലിയ ആരാധകനായി മാറുകയും ചെയ്തു,’ താരം പറഞ്ഞു.

അതേസമയം, സിനിമാരംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും നയൻതാര അഭിപ്രായപ്പെട്ടു.
‘പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് സിനിമ ഒരുപാട് മാറിയിട്ടുണ്ട്. കഥകളിലും ഷൂട്ടിങ് രീതികളിലും അവതരണത്തിലും എല്ലാം മാറ്റങ്ങൾ കാണാം. പ്രേക്ഷകരുടെ അഭിരുചികളും കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുകയാണ്. മൊത്തത്തിൽ ഇപ്പോഴത്തെ സിനിമാ അനുഭവം എനിക്ക് വളരെ ഇഷ്ടമാണ്,’ നയൻതാര ചക്രവർത്തി പറഞ്ഞു.

Content Highlight: Nayanthara Chakraborty talks about her film career

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more