സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമേറിയ നായികമാരില്‍ ഒരാളാണ് നയന്‍താര. കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താരയുടെ സിനിമായാത്ര അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. മലയാളത്തിലൂടെ അരങ്ങേറിയ താരം പിന്നീട് തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.
യഷ് നായകനാകുന്ന ടോക്‌സിക്കാണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. യഷ് അവതരിപ്പിക്കുന്ന രായയുടെ സഹോദരിയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വളരെ ശക്തമായ കഥാപാത്രമാണ് നയന്‍താരയുടേതെന്ന് ടീസറും ട്രെയ്‌ലറും സൂചന നല്‍കുന്നുണ്ട്.
കഴിഞ്ഞദിവസം നടന്ന ടോക്‌സിക്കിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ നയന്‍താര പങ്കെടുത്തതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. സാധാരണയായി സിനിമയുടെ പ്രൊമോഷനും മറ്റ് പരിപാടികളിലും നയന്‍താര പങ്കെടുക്കാറില്ല. ഇത്രയും വലിയ സിനിമയുടെ പ്രൊമോഷന്‍ ഇവന്റില്‍ പങ്കെടുത്തതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടി.
‘സാധാരണയായി ഞാന്‍ ഒരു സിനിമയുടെയും പ്രൊമോഷന്‍ ഇവന്റുകളില്‍ പങ്കെടുക്കാറില്ല. അതിന്റെ കാരണം, എനിക്ക് അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല. അങ്ങനെയുള്ളപ്പോള്‍ അതില്‍നിന്ന് മാറിനില്‍ക്കാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. പക്ഷേ, ഈ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണം യഷ് ആണ്. അദ്ദേഹം എന്നെ വിളിച്ച് ഈ പരിപാടിയെക്കുറിച്ച് സംസാരിച്ചു. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് ആ ഒരൊറ്റക്കാരണം തന്നെ മതിയായി. അതുപോലെ ഒരുപാട് വിഷണറിയായിട്ടുള്ള ആളുകളെല്ലാം ഈ സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചതും എന്നെ ഇവിടെ എത്തിക്കാന്‍ കാരണമായി,’ നയന്‍താര പറയുന്നു.
ചിത്രത്തിന്റെ സംവിധായിക ഗീതു മോഹന്‍ദാസിനെക്കുറിച്ചും നയന്‍താര സംസാരിച്ചു. 20 വര്‍ഷം മുമ്പ് രാപ്പകല്‍ എന്ന ചിത്രത്തിലാണ് തങ്ങള്‍ ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിച്ചതെന്ന് നയന്‍താര പറഞ്ഞു. അന്ന് താന്‍ കണ്ട ഗീതു മോഹന്‍ദാസില്‍ നിന്നും ടോക്‌സിക്കിലേക്ക് എത്തിയപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Nayanthara about not attending promotion events