| Monday, 7th September 2026, 11:06 am

നക്‌സലേറ്റുകളെ വെടിവെച്ച് കൊല്ലുകയല്ല നിയമത്തിന്റെ പാതയിലേക്ക് കൊണ്ട് വരികയാണ് വേണ്ടത്: രമേശ് ചെന്നിത്തല

നിഷാന. വി.വി

കോഴിക്കോട്: നക്‌സലേറ്റുകളെ വെടിവെച്ച് കൊല്ലുകയല്ല നിയമത്തിന്റെ വഴിയിലേക്ക് കൊണ്ട് വരികയാണ് ചെയ്യേണ്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

താന്‍ മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പൊലീസിന് ഈ കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ മലപ്പുറം പി. മൂസയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുന്‍ നക്‌സലും സാമൂഹിക പ്രവര്‍ത്തകയുമായ അജിതയ്ക്ക് നല്‍കിയ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഞാന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴായിരുന്നു രൂപേഷ് ഷൈനി ഉള്‍പ്പെടെയുള്ള നക്‌സലേറ്റുകളെ പിടികൂടാനുള്ള ഓപ്പറേഷന്‍ നടന്നത്. അവര്‍ കോയമ്പത്തൂരിനടുത്താണെന്ന് പൊലീസിന് വിവരം കിട്ടിയപ്പോള്‍ തന്നെ ഒരു കാരണവശാലും വെടിവെക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു,’ ചെന്നിത്തല പറഞ്ഞു.

ഓടി രക്ഷപ്പെട്ടാല്‍ പോലും വെടിവെക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും അവസാനം പൊലീസ് അവരെ പിടിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ രൂപേഷിനെ അന്ന് വെടിവെച്ച് കൊന്നിരുന്നെങ്കില്‍ വലിയ പ്രശസ്തി കിട്ടുമായിരുന്നുവെന്നും എന്നാല്‍ അത് തനിക്ക് വേണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

‘ ഇന്ന് രൂപേഷ് പുറത്തിറങ്ങി നടക്കുകയും യോഗങ്ങളില്‍ സംസാരിക്കുകയും ചെയ്യുന്നു. അദ്ദേഹം പ്രസംഗിക്കുന്നതെന്താണെന്നെനിക്കറിയാം. നാടിനോ ഭരണത്തിനോ ജനങ്ങള്‍ക്കോ എതിരായി അവരാരും ഇപ്പോള്‍ സംസാരിക്കാറില്ല. ആ മാറ്റം അപ്രിഷിയേറ്റ് ചെയ്യുന്നു,’ ചെന്നിത്തല പറഞ്ഞു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയെന്നതാണ് ഭരണാധികാരി ചെയ്യേണ്ടതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ സര്‍ക്കാര്‍ 10 വര്‍ഷം ഭരിച്ചപ്പോള്‍ അഞ്ച് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നു. രണ്ടുപേരുടെ മൃതശരീരം കോഴിക്കോട്ട് കൊണ്ടുവന്നപ്പോള്‍ അന്ന് ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നു. ഞാന്‍ അവരെ വന്നു കണ്ടിരുന്നു. പുറകിലാണ് വെടിവെച്ചിരുന്നത് അതിന്റെ അര്‍ത്ഥം ഓടിപ്പോയപ്പോള്‍ വെടിവെച്ചുവെന്നാണ്, അതൊരു ഏറ്റുമുട്ടലല്ല. പിറകില്‍നിന്ന് വെടിവെക്കുന്നത് ഒരിക്കലും ശരിയായ നടപടിയല്ല. കോഴിക്കോട്ടെ അലന്‍, താഹ എന്ന രണ്ടു ചെറുപ്പക്കാരെ മുന്‍ സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി തടവുകാരാക്കി. ഞാന്‍ അതിനെ എതിര്‍ത്തയാളാണ്. അന്ന് ഞാന്‍ മുന്‍ മുഖ്യമന്ത്രിയോട് ഇതേകുറിച്ച് ചോദിച്ചു. യു.എ.പി.എ കൊണ്ടുവന്നത് നിങ്ങളുടെ ഗവണ്‍മെന്റ് ആണല്ലോ, എന്തിനാണ് പ്രതിപക്ഷ നേതാവ് എതിര്‍ക്കുന്നത് എന്നായിരുന്നു മറുപടി,’ ചെന്നിത്തല പറഞ്ഞു.

എന്നാല്‍ തങ്ങളുടെ സര്‍ക്കാര്‍ യു.എ.പി.എ കൊണ്ടുവന്നുകാണും. പക്ഷേ, ഈ രണ്ട് ചെറുപ്പക്കാരെ കാര്യമില്ലാതെ വേട്ടയാടാന്‍ പാടില്ലെന്നായിരുന്നു താന്‍ അന്ന് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അലനും താഹയും സെക്രട്ടേറിയറ്റില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അലനും താഹയും എന്നെ കാണാന്‍ വന്നപ്പോള്‍ സെക്രട്ടറിയറ്റ് മുഴുവന്‍ പൊലീസ്. അവര്‍ എന്നെ കാണാന്‍ വരുന്നുവെന്ന് കേട്ട് പൊലീസ് വന്നതാണ്. ഞാന്‍ എല്ലാ പൊലീസുകാരെയും മാറ്റി. ഉച്ചക്ക് ഊണ് കഴിഞ്ഞ് വീട്ടില്‍നിന്ന് തിരികെ വന്നപ്പോള്‍ സെക്രട്ടറിയേറ്റ് മുഴുവന്‍ വീണ്ടും പൊലീസ്. ഒരു പൊലീസും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ആ കുട്ടികളോട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി,’ രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlight: Naxalites should be brought into the fold of the law, not shot dead: Ramesh Chennithala.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more