| Thursday, 31st July 2025, 2:26 pm

AMMA തെരഞ്ഞെടുപ്പ്; നവ്യ നായര്‍ പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താരസംഘടന AMMA തെരഞ്ഞെടുപ്പില്‍ നിന്ന് നടി നവ്യ നായര്‍ പിന്മാറി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സമര്‍പ്പിച്ച പത്രിക നടി പിന്‍വലിച്ചു. ഇന്ന് വൈകീട്ട് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടാനിരിക്കവെയാണ് നവ്യ നായര്‍ പിന്മാറിയത്. തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ച് AMMAയുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നടി കുറിപ്പ്‌ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

രാവിലെ നടന്‍ ബാബുരാജും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയിരുന്നു. തൊട്ട് പിന്നാലെ താരസംഘടനയില്‍ നിന്ന് പൂര്‍ണമായും പുറത്ത് പോവുകയാണെന്ന് അറിയിച്ച് ഒരു നീണ്ട കുറിപ്പും ബാബുരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

വിഴുപ്പലക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് AMMAയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് ബാബുരാജ് പറഞ്ഞു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് താന്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചത്.

ലാലേട്ടന്‍ കമ്മിറ്റിയില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാനും പിന്മാറാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് എല്ലാവരും ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് നടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചു. പീഡനാരോപണം നിലനില്‍ക്കവെയായിരുന്നു ബാബുരാജ് പത്രിക സമര്‍പ്പിച്ചത്. ആരോപണവിധേയര്‍ മത്സരിക്കുന്നതില്‍ അംഗങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പ് ശക്തമായതോടെയാണ് പിന്മാറിയത്.

ബാബുരാജിനെതിരെ നടിമാരായ മാല പാര്‍വതിയും മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു.

ബാബുരാജിന് പുറമെ നടന്‍ ജഗദീഷും ഇന്ന് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയിരുന്നു. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മോഹന്‍ലാല്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് രവീന്ദ്രന്‍, ദേവന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, ശ്വേതാ മേനോന്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. രവീന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

Content Highlight: Navya Nair withdraws from ‘AMMA’ election

We use cookies to give you the best possible experience. Learn more