| Friday, 10th October 2025, 8:25 am

അഭിനയിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല; ഉപജീവനത്തിന് എനിക്ക് നൃത്തമുണ്ട്: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉപജീവന മാര്‍ഗത്തിന് തനിക്ക് നൃത്തമുണ്ടെന്ന് നടി നവ്യ നായര്‍. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് അങ്ങനെയൊരു കല കൈയ്യിലുണ്ടെന്നും അഭിനയത്തെ തനിക്കെപ്പോഴും ഒരു പാഷനായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും നവ്യ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ നായര്‍.

‘നൃത്തം എന്ന കല കൈയിലുള്ളത് കൊണ്ടും നവ്യ നായര്‍ എന്ന ഒരു പേര് നിലനിന്നത് കൊണ്ടും എന്നെ കാണാന്‍ ഓഡിയന്‍സ് എപ്പോഴും എത്തും. അത് കൊണ്ട് എനിക്കിപ്പോള്‍ കൈ നിറയേ പ്രോഗ്രാമുകള്‍ ഉണ്ട്.
അത് കൊണ്ടുതന്നെ ജീവിക്കാന്‍ എനിക്ക് അഭിനയിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. അതുള്ളപ്പോള്‍ എനിക്ക് അഭിനയത്തെ ഒരു പാഷനായിട്ട് മാറ്റി വെക്കാം. എനിക്ക് ഇഷ്ടമുള്ളപ്പോള്‍, ആഗ്രഹിക്കുമ്പോള്‍ അത് ചെയ്യാം. വലിയ അതിമോഹങ്ങളൊന്നും എനിക്ക് ജീവിതത്തില്‍ ഇല്ല,’ നവ്യ പറയുന്നു.

ഒരുത്തീ താന്‍ തെരഞ്ഞെടുത്ത സിനിമകളിലൊന്നാണെന്നും വരാനിരിക്കുന്ന പാതിരാത്രി എന്ന സിനിമയും താന്‍ അത്തരത്തില്‍ തെരഞ്ഞെടുത്ത സിനിമയാണെന്നും നവ്യ പറയുന്നു. ഇങ്ങോട്ട് വരുന്ന സിനിമകളില്‍ നിന്ന് മാത്രമേ തനിക്ക് സിനിമ സെലക്ട് ചെയ്യാന്‍ കഴിയുകയുള്ളുവെന്നും നടി പറഞ്ഞു. തനിക്ക് വൈബ്രന്റായ കഥാപാത്രങ്ങള്‍ ഇഷ്ടമാണെന്നും അത്തരത്തിലുള്ള സിനിമ തന്നെ തേടിയെത്തിയെത്തിയാല്‍ അത് താന്‍ തീര്‍ച്ചയായും ചെയ്യുമെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

റത്തീനയുടെ സംവിധാനത്തില്‍ നവ്യ നായരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് പാതിരാത്രി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ. വി അബ്ദുള്‍ നാസറാണ് സിനിമ നിര്‍മിക്കുന്നത്.. പുഴുവിന് ശേഷം റത്തീന ഒരുക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി.

സിനിമയില്‍ നവ്യക്കും സൗബിനും പുറമെ ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ എന്നിവരും അഭിനയിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content highlight: Navya Nair says she can pursue acting as a passion and dance as a means of livelihood

We use cookies to give you the best possible experience. Learn more