| Thursday, 16th October 2025, 10:34 am

കിലുക്കത്തിലെ രേവതിയുടെ അവസ്ഥയാണ് പൊലീസുകാര്‍ക്ക്; യൂണിഫോം ഇടുന്നതിന് മുമ്പ് ഞാന്‍ ഒറിജിനല്‍ പൊലീസുകാരുടെ കൂടെയായിരുന്നു: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു തമിഴ് സിനിമയില്‍ അതിഥിവേഷത്തില്‍ പൊലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും പാതിരാത്രിയിലെപ്പോലെ ഒരു കഥാപാത്രം ആദ്യമാണെന്ന് നടി നവ്യ നായര്‍. മനോരമ ആഴ്ച്ച പതിപ്പിന്  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

പുഴുവിന് ശേഷം രത്തീനയുടെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് പാതിരാത്രി. സിനിമയില്‍ സൗബിന്‍ ഷാഹിറും നവ്യ നായരുമാണ് പ്രധാനവേഷത്തിലെത്തുന്നത്.

തന്റെ കഥാപാത്രം ഇതില്‍ ഒരു സാധാരണ പൊലീസുകാരിയാണെന്നും വലിയ ഡയലോഗുകളും മലര്‍ത്തി അടിക്കുന്ന സീനുകളുമൊന്നുമില്ലെന്നും നവ്യ പറയുന്നു. കൃത്യനിര്‍വഹണത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഇടയില്‍ സ്‌ട്രെസ് അനുഭവിക്കുന്ന കഥാപാത്രമാണെന്നും പൊലീസ് യൂണിഫോം ഇടുന്നതിന് മുമ്പ് ഒരാഴ്ചയോളം താന്‍ ഒറിജിനല്‍ പൊലീസുകാര്‍ക്കൊപ്പമായിരുന്നുവെന്നും നടി പറഞ്ഞു.

‘പ്രത്യേക അനുമതി വാങ്ങിയാണ് അതിനു സാഹചര്യം ഉണ്ടാക്കിയത്. പൊലീസിന്റെ നില്‍പും നടത്തവും ആളുകളുമായി ഇടപെടുമ്പോഴുള്ള പ്രത്യേക രീതികളുമൊക്കെ അടുത്ത് നിന്ന് ശ്രദ്ധിക്കാന്‍ കഴിഞ്ഞു. കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥ ഷാഹിന മാഡത്തോട് പ്രത്യേകം നന്ദിയുണ്ട്. ആളുകള്‍ കണ്ടാല്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തൊപ്പിയും ഇട്ടായിരുന്നു ‘പഠനം’.

സത്യത്തില്‍ ഓടിയെത്താവുന്നതിലും അധികം ജോലികള്‍ പൊലീസുകാര്‍ക്ക് ഉണ്ടന്ന് മനസിലായി. തമാശയ്ക്ക് ഞാന്‍ പറഞ്ഞു – കിലുക്കത്തിലെ രേവതിയുടെ അവസ്ഥയാണ് പൊലീസുകാര്‍ക്ക്. വെള്ളം ചൂടാക്കുമ്പോള്‍ എണ്ണ കാച്ചാന്‍ പറയും. എണ്ണ കാച്ചാന്‍ ഒരുങ്ങുമ്പോള്‍ കടയില്‍ പോകാന്‍ പറയും. അതുപോലെ ആണ്, ഒരു പ്രശ്‌നം പരിഹരിക്കുന്നതിനിടെ ഫോണ്‍ വരും.

അവിടെ അടി നടക്കുന്നു. അവിടെ എത്തുമ്പോള്‍ അടുത്ത ഫോണ്‍ – വീട്ടില്‍ മോഷണം നടന്നിരിക്കുന്നു! അങ്ങനെ തീരാത്ത ഓട്ടങ്ങള്‍. പാതിരാത്രിയിലും അങ്ങനെ ചില ഓട്ടങ്ങള്‍ ഞാന്‍ നടത്തുന്നുണ്ട്. പൊലീസിലെ ചിലരുടെ ചെയ്തികളുടെ പേരില്‍ സേനയെ അപ്പാടെ മോശക്കാരാക്കുന്നതിനോട് എനിക്കു യോജിപ്പില്ല,’ നവ്യ നായര്‍ പറയുന്നു.

Content highlight: Navya Nair on the movie Patiratri and her police role 

We use cookies to give you the best possible experience. Learn more