| Friday, 10th October 2025, 5:00 pm

അച്ഛന്‍ സ്‌നേഹത്തോടെ തന്ന മുല്ലപ്പൂ കളയാന്‍ തോന്നിയില്ല, ഒടുക്കം അതിന് ഒന്നേകാല്‍ ലക്ഷം പിഴയടക്കേണ്ടി വന്നു: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ വിമാനയാത്രക്കിടെ മുല്ലപ്പൂവണിഞ്ഞ് ചെന്ന നടി നവ്യ നായര്‍ക്ക് ഓസ്‌ട്രേലിയന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒരുലക്ഷം രൂപ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. രാജ്യത്തിന്റെ നിയമത്തിന് എതിരായി ചെടികളും പൂക്കളും കൊണ്ടുവന്നതാണ് താരത്തിന് പിഴ ചുമത്താന്‍ കാരണം. തനിക്ക് പിഴ നേരിടേണ്ടി വന്ന അനുഭവം വിവരിക്കുകയാണ് നവ്യ നായര്‍.

ഓസ്‌ട്രേലിയയില്‍ ഓണത്തിന്റെ പരിപാടിക്ക് പോവുകയായിരുന്നെന്ന് നവ്യ പറഞ്ഞു. എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് മുമ്പ് താന്‍ വീട്ടില്‍ കയറിയെന്നും അവിടെ വെച്ച് അമ്മയാണ് തനിക്ക് മുല്ലപ്പൂ തന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ തനിക്ക് വേണ്ടി വാങ്ങിയതാണെന്നും വെക്കാതെ പോയാല്‍ വിഷമമാകുമെന്നും പറഞ്ഞതുകൊണ്ടാണ് താന്‍ മുല്ലപ്പൂവണിഞ്ഞതെന്നും നവ്യ പറയുന്നു.

‘മുല്ലപ്പൂവും തലയില്‍ വെച്ച് കേരള സാരിയില്‍ ഫ്‌ളൈറ്റില്‍ പോയി. എന്റെ കൂടെ ആര്യയും ഉണ്ടായിരുന്നു. ഫ്‌ളൈറ്റ് ഇറങ്ങിയ ശേഷം ആര്യ എന്റെയടുത്ത് വന്ന് സംസാരിച്ചു. ‘ചേച്ചി, നിങ്ങളുടെ മുല്ലപ്പൂവിന്റെ മണം ബിസിനസ് ക്ലാസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്’ എന്ന് പറഞ്ഞു. ആ മുല്ലപ്പൂ കൊണ്ടുവന്നതില്‍ ഞാന്‍ സ്വയം അഭിമാനിച്ചു. ഞാന്‍ ഉള്‍പ്പുളകം കൊള്ളുകയായിരുന്നു.

മെല്‍ബണില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ അവര്‍ ഒരു ഡിക്ലറേഷന്‍ കാര്‍ഡ് തന്നു. എന്തൊക്കെയാണ് കൈയിലുള്ളതെന്ന് അതില്‍ രേഖപ്പെടുത്തണം. ‘സ്റ്റെം ഉണ്ടോ, ബാര്‍ക്ക് ഉണ്ടോ’ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഒന്നും ഇല്ല എന്ന കോളത്തില്‍ ടിക്ക് ചെയ്തു. ‘പാര്‍ട്‌സ് ഓഫ് പ്ലാന്റ്‌സ് ഉണ്ടോ’ എന്ന് ചോദിക്കുന്നുണ്ട്. എന്റെ മനസില്‍ കഞ്ചാവ് പോലുള്ള വലിയ കാര്യങ്ങളാണ്. ആ ലെവലിലാണ് ചിന്തിക്കുന്നത്. എന്റെ കൈയിലൊന്നുമില്ലാത്തതുകൊണ്ട് ഞാന്‍ കൂടുതല്‍ ചിന്തിച്ചത്. എല്ലാം നോ എന്ന് മാത്രം സൈന്‍ ചെയ്യുന്നു.

മുല്ലപ്പൂ തലയിലുള്ള കാര്യം മറന്നുപോയി. ലഗേജൊക്കെ എടുത്ത് പുറത്തേക്ക് പോയി. അവിടുത്തെ ആളുകള്‍ എന്നെയും ആര്യയെയും മറ്റൊരു വഴിയിലൂടെ പോകാന്‍ പറഞ്ഞു. ഒരു സ്ഥലമെത്തിയപ്പോള്‍ നില്‍ക്കാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ ഒരു വലിയ സ്‌നിഫര്‍ ഡോഗ് വന്ന് എന്റെ ബാഗിന്റെയടുത്ത് വന്നുനിന്ന് മണപ്പിച്ചു. പിന്നീട് എന്റെ ബാഗ് വാങ്ങിച്ച് ചെക്ക് ചെയ്തു.

കുറേ നേരം തപ്പിയിട്ടും അവര്‍ക്ക് ഒന്നും കണ്ടുപിടിക്കാനായില്ല. പിന്നീട് എന്നോട് തിരിഞ്ഞ് നില്‍ക്കാന്‍ പറഞ്ഞു. എന്നിട്ട് ആ മുല്ലപ്പൂ എടുത്ത് മാറ്റാന്‍ പറഞ്ഞു. എന്താണെന്ന് എന്നോട് ചോദിച്ചപ്പോള്‍ ‘ജാസ്മിന്‍ ഫ്‌ളവര്‍ ഫ്രം കേരള, ടുഡേ ഓണം, ബിഗ് ഫെസ്റ്റിവല്‍’ എന്നൊക്കെ പറഞ്ഞു. അടിച്ചു തന്നു 1890 ഡോളര്‍. അത്രയും ഡോളര്‍ ഇന്ത്യന്‍ രൂപയില്‍ എത്രയാണെന്ന് കണക്കാക്കി. ഒന്നേകാല്‍ ലക്ഷം രൂപയാണെന്ന് മനസിലായി,’ നവ്യ നായര്‍ പറയുന്നു.

Content Highlight: Navya Nair explains the Jasmine flower issue she faced at Australia

We use cookies to give you the best possible experience. Learn more